Latest NewsNattuvartha

കനത്ത മഴയിൽ സിവില്‍ സപ്ലൈസിന്‍റെ ഗോഡൗണിൽ വെള്ളം കയറി; ഉപയോ​ഗ്യ ശൂന്യമായത് മുന്നൂറോളം ചാക്ക് അരി

സിവില്‍ സപ്ലൈസ് വകുപ്പ് വാടകക്കെടുത്ത ഗോഡൗണിലാണ് വെള്ളം കയറിയത്

മലപ്പുറം:കനത്ത മഴയിൽ സിവില്‍ സപ്ലൈസിന്‍റെ ഗോഡൗണിൽ വെള്ളം കയറി, സിവില്‍ സപ്ലൈസിന്‍റെ കുട്ടികളത്താണി വിതരണ ഗോഡൗണില്‍ വെള്ളം കയറി മുന്നൂറോളം ചാക്ക് അരി നശിച്ചു. നാല് ദിവസം മുമ്പ് പെയ്ത മഴയിലാണ് സംഭരണ കേന്ദ്രത്തിലേക്ക് വെള്ളം കയറിയത്. ഭിത്തിയോട് ചേര്‍ന്ന് കെട്ടി നിന്ന മഴവെള്ളമാണ് താഴെ ഭാഗത്തുകൂടി ഒലിച്ചിറങ്ങി അരിച്ചാക്കുകള്‍ നനച്ചത്.

മലപ്പുറം തിരൂര്‍ താലൂക്കിലെ റേഷൻ കടകളിലേക്ക് വിതരണം ചെയ്യേണ്ട അരിയാണ് സംഭരണ കേന്ദ്രത്തില്‍ നനഞ്ഞ് നശിച്ചത്. 92 ലോഡുകളിലായി കൊണ്ടുവന്ന 900ത്തോളം ചാക്ക് അരി ഇവിടെ അട്ടിയിട്ട് സൂക്ഷിച്ചിരുന്നു. ഇതില്‍ താഴത്തെ അട്ടിയിലെ അരിച്ചാക്കുകളാണ് നനഞ്ഞത്. അരി പൂത്ത് നശിക്കുകയും ചെയ്തു. സംഭരണ കേന്ദ്രത്തിലേക്ക് വെള്ളം കയറിയത് അറിഞ്ഞ ജീവനക്കാര്‍ അന്ന് തന്നെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരോട് വിവരം ധരിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥ തലത്തില്‍ ഇടപെട്ട് അരി ചാക്കുകള്‍ മാറ്റാൻ നിര്‍ദ്ദേശം വന്നപ്പോഴേക്കും മൂന്ന് നാല് ദിവസങ്ങളെടുത്തു. അപ്പോഴേക്കും അരി ഉപയോഗ്യ ശൂന്യമായിരുന്നു.

കുട്ടികളത്താണി സിവില്‍ സപ്ലൈസ് വകുപ്പ് വാടകക്കെടുത്ത ഗോഡൗണിലാണ് വെള്ളം കയറിയത്. സമീപത്തെ എല്ലാ റേഷൻ കടകളിലേക്കുമുള്ള അരി തത്ക്കാലം ഇവിടെ നിന്ന് വിതരണം ചെയ്ത് ഗോഡൗൺ കാലിയാക്കിയ ശേഷം വൃത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button