കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്മാന് സ്ഥാനം വിട്ടുകൊടുക്കാന്‍ ഉദ്ദേശമില്ലാതെ ജോസ്.കെ.മാണി. ജോസ് കെ മാണിയെ തെരഞ്ഞെടുത്തത് സ്റ്റേ ചെയ്ത കോടതി വിധിയെ മറികടക്കാന്‍ ജോസ് കെ മാണി വിഭാഗം ഇന്ന് കോടതിയെ സമീപിച്ചേക്കും. തര്‍ക്കം കോടതിയിലെത്തിയതോടെ ഇനി അനുരഞ്ജനശ്രമങ്ങള്‍ക്ക് പ്രസക്തിയില്ലെന്നാണ് ഇരുവിഭാഗവും കൈക്കൊണ്ടിരിക്കുന്ന നിലപാട്.
അതേസമയം, തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസം തന്നെ കോടതിയില്‍ നിന്നുള്ള സ്റ്റേ ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടിയായി. അതിനാല്‍ കോടതിയില്‍ നിന്ന് അനുകൂലനിലപാട് എത്രയും വേഗമുണ്ടാക്കാനാണ് ശ്രമം. പാര്‍ട്ടി ചെയര്മാന് സ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ അന്തിമമായി ഇനി ഇടപെടേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ജോസ് കെ മാണി വിഭാഗം നിലപാടെടുത്തിരിക്കുന്നു.
തെരഞ്ഞെടുപ്പ് കോടതി കയറിയ സാഹചര്യത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തേക്ക് വരാനിരുന്ന ജോസ് കെ മാണി കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇന്നലെ യാത്ര റദ്ദാക്കിയിരുന്നു. സിഎഫ് തോമസ് കൂടി പിജെ ജോസഫിനൊപ്പം ചേര്‍ന്നത് ജോസ് പക്ഷത്തിന് തിരിച്ചടിയായിട്ടുണ്ട്. എങ്കിലും തങ്ങള്‍ ദുര്‍ബലമായിട്ടില്ലെന്ന് വ്യക്തമാക്കാനാണ് ജോസ് കെ മാണിയുടെ ശ്രമം.
Post Your Comments