KeralaCinemaMollywoodLatest NewsIndia

സി.ഐ നവാസ് കേസിലെ വിവാദനായകന്‍ എസ്.പി സുരേഷിനെതിരെ ലൈംഗികാരോപണവുമായി മേജർ രവിയുടെ സഹോദരന്റെ ഭാര്യ

സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരന്‍ കൂടിയായ കണ്ണന്‍ പട്ടാമ്പിയുടെ ഭാര്യ 2017 ല്‍ ആണ് എസിപിക്കെതിരേ പരാതി നല്‍കിയത്

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ ആരോപണം നേരിടുന്ന അസി. പൊലീസ് കമ്മിഷണര്‍ പി എസ് സുരേഷിനെതിരേ ലൈംഗികാരോപണ പരാതി നിലനിൽക്കുന്നു. ചലച്ചിത്ര നടന്‍ കണ്ണന്‍ പട്ടാമ്പിയുടെ ഭാര്യയാണ് പരാതിക്കാരി.മനോരമ ഓണ്‍ലൈന്‍ ആണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. സി ഐ നവാസിനെ എസ്പി സുരേഷ് പരസ്യമായി അപമാനിക്കുകയും അതേ തുടര്‍ന്ന് നവാസിനെ രണ്ടു ദിവസത്തോളം കാണാതാവുകയും ചെയ്ത സംഭവം ചര്‍ച്ചയായിരിക്കുമ്പോഴാണ് സുരേഷിനെതിരേ ഇങ്ങനെയൊരു പരാതിയുള്ള കാര്യവും പുറത്തു വരുന്നത്.

സംവിധായകന്‍ മേജര്‍ രവിയുടെ സഹോദരന്‍ കൂടിയായ കണ്ണന്‍ പട്ടാമ്പിയുടെ ഭാര്യ 2017 ല്‍ ആണ് എസിപിക്കെതിരേ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ നടപടികളൊന്നും ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് ഡിജിപിയെ സമീപിച്ച് പരാതിക്കാരി നീതി തേടിയിരുന്നു.അവിടെയും ഫലം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്.പട്ടാമ്പിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സമയത്ത് സുരേഷും താനും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും പലപ്പോഴും സുരേഷ് വീട്ടില്‍ വരുമായിരുന്നുവെന്നു കണ്ണന്‍ പട്ടാമ്പി പറയുന്നു. 2016 ജൂണ്‍ ഏഴാം തീയതി തന്റെ വീടിനടുത്ത് ഒരു പൊലീസുകാരന്റെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കാന്‍ സുരേഷ് എത്തിയിരുന്നു. അന്നു രാത്രി സുരേഷ് തന്റെ വീട്ടിലെത്തി.

ആ സമയം താന്‍ വീട്ടില്‍ ഇല്ലായിരുന്നു. വീട്ടിലുണ്ടെന്നു പറഞ്ഞ് സുരേഷ് ഫോണ്‍ ചെയ്തതുകൊണ്ട് താന്‍ വീട്ടിലെത്തിയപ്പോള്‍ സുരേഷ് തിടുക്കപ്പെട്ട് പുറത്തേക്കിറങ്ങിപ്പോവുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നു മനസിലായില്ല. എന്നാല്‍ അതിനുശേഷം ഭാര്യ വളരെ മാനസികസംഘര്‍ഷത്തിലായിരുന്നു. മകളുടെ പിറന്നാള്‍ വന്നപ്പോള്‍ സി ഐ സുരേഷിനെ ക്ഷണിക്കാമെന്നു പറഞ്ഞപ്പോള്‍ ഭാര്യ സമ്മതിച്ചില്ല. ആ ദിവസത്തിനുശേഷം സുരേഷ് തന്നെ ദ്രോഹിക്കാന്‍ തുടങ്ങി. എന്താണ് കാരണമെന്നും മനസിലായില്ല. 2017 ല്‍ ആണ് ഭാര്യ അന്നു നടന്നതിനെക്കുറിച്ച് പറയുന്നത്. രാത്രി വീട്ടിലെത്തിയ സുരേഷ് വെള്ളമെടുക്കാന്‍ പോയ ഭാര്യയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.

ഭാര്യ ഇക്കാര്യങ്ങള്‍ പറഞ്ഞതിന്‍ പ്രകാരം 2017 ല്‍ പൊലീസ് കംപ്ലെയ്ന്റ് സെല്ലില്‍ പരാതി നല്‍കി. എന്നാല്‍ അവിടെ നിന്നും നടപടികള്‍ ഒന്നും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് 2018 മാര്‍ച്ച് ആറിന് തൃത്താല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതി എസ് പിയുടെ മുന്‍പില്‍ എത്തുകയും ആലത്തൂര്‍ ഡിവൈസ്പിക്ക് അന്വേഷണ ചുമതലയും നല്‍കി. എന്നിട്ടും നടപടി ഉണ്ടായില്ല; കണ്ണന്‍ പട്ടാമ്പി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി പിന്‍വലിക്കാന്‍ തന്റെ ചേട്ടന്‍ മേജര്‍ രവി വഴിയും മുന്‍ എംപി പി ശ്രീമതി ടീച്ചറുടെ മകന്‍ സുധീര്‍ വഴിയും ശ്രമിച്ചിട്ടുണ്ടെന്നും കണ്ണന്‍
പട്ടാമ്പി ആരോപിക്കുന്നു.

shortlink

Post Your Comments


Back to top button