KeralaLatest News

മേം രാജ്‌മോഹന്‍ ഉണ്ണിത്താന്‍: ഹിന്ദിയില്‍ സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി ഉണ്ണിത്താന്‍, ആരിഫിന്റേത് മലയാളത്തില്‍

മലയാളത്തിലും സത്യപ്രതിജ്ഞ ചൊല്ലാമെന്നിരിക്കെ എന്തിനാണു ഹിന്ദിയെന്നു ചോദിച്ചപ്പോള്‍, ഇനി തട്ടകം ഡല്‍ഹിയല്ലേ എന്നായിരുന്നു ഉണ്ണിത്താന്റെ മറുപടി

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലെ സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങുകയാണ് കേരളത്തില്‍ നിന്നുള്ള 20 നിയുക്ത എം.പിമാര്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എ.എം ആരിഫ്, വി.കെ. ശ്രീകണ്ഠന്‍, രമ്യാ ഹരിദാസ്, ടി.എന്‍. പ്രതാപന്‍, ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, തോമസ് ചാഴികാടന്‍, അടൂര്‍ പ്രകാശ് തുടങ്ങി പത്തു പേരാണ് കേരളത്തില്‍ നിന്ന് ലോക്‌സഭയില്‍ എത്തുന്ന പുതുമുഖങ്ങള്‍. ലോക്സഭാംഗമായി സത്യപ്രതിജ്ഞചെയ്യാന്‍ ഹിന്ദി പഠിക്കുന്ന തിരക്കിലാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍.

കേരളഹൗസിലിരുന്ന് ”മേം രാജ്മോഹന്‍ ഉണ്ണിത്താന്‍…” എന്ന് തുടങ്ങുന്ന സത്യപ്രതിജ്ഞ മലയാളത്തില്‍ എഴുതി ഉറക്കെ വായിച്ചു കാണാ പാഠം ആക്കുകയാണ് ഉണ്ണിത്താന്‍. മലയാളത്തിലും സത്യപ്രതിജ്ഞ ചൊല്ലാമെന്നിരിക്കെ എന്തിനാണു ഹിന്ദിയെന്നു ചോദിച്ചപ്പോള്‍, ഇനി തട്ടകം ഡല്‍ഹിയല്ലേ എന്നായിരുന്നു ഉണ്ണിത്താന്റെ മറുപടി.

ആദ്യമായി പാര്‍ലമെന്റില്‍ എത്തുമ്പോള്‍ ചെറിയ സംഭ്രമമുണ്ടാവില്ലേയെന്ന ചോദ്യത്തിനു സഭാനടപടികളൊക്കെ താന്‍ വിശദമായി ടി.വി.യില്‍ കണ്ടിട്ടുണ്ട്. ഡല്‍ഹി തനിക്ക് അപരിചിതമല്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഭാര്യ സുധാകുമാരി, മക്കളായ അഖില്‍, അതുല്‍, അമല്‍ എന്നിവരും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

അതേസമയം കേരളത്തില്‍ നിന്നുള്ള ഏക ഇടത് ലോക്‌സഭാഗമായ എ.എം ആരിഫ് സത്യവാചകം ചൊല്ലുന്നത് മാതൃഭാഷയായ മലയാളത്തിലാണ്. സ്ത്യപ്രതിജ്ഞ ഇംഗ്ലീഷിലോണോ മലയാളത്തിലാണോ വേണ്ടെതെന്നുള്ള കാര്യത്തില്‍ ആദ്യം സംശയം ഉണ്ടായിരുന്നു. പിന്നീട് മലയാളം മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഷര്‍ട്ടും മുണ്ടും ധരിച്ചാണ് ലോക്‌സഭയില്‍ പോവുന്നതെന്ന് ആരിഫ് പറഞ്ഞു.

മുമ്പു പലതവണ ഡല്‍ഹിയില്‍ വന്നിട്ടുണ്ടെങ്കിലും വഴി കണ്ടുപിടിക്കലാണു തന്നെ എപ്പോഴും ബുദ്ധിമുട്ടിക്കുന്നതെന്ന് ആരിഫ് പറഞ്ഞു. സുഹൃത്തുക്കളുടെ സഹായം തേടുകയാണു പതിവ്. എന്നാല്‍, ഇനി എം.പി.യെന്നനിലയില്‍ ഡ്രൈവറും ജീവനക്കാരും ഉള്ളതിനാല്‍ പേടിക്കേണ്ടെന്നും ആരിഫ് പറഞ്ഞു. ഭാര്യ ഡോ. ഷഹനാസും മക്കളായ സല്‍മാനും റിസ്വാനയും സത്യപ്രതിജ്ഞാച്ചടങ്ങു കാണാനെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button