Latest NewsKerala

കൈക്കൂലിക്കാരെ ആട്ടിയോടിച്ച ഉദ്യോഗസ്ഥനാണ് നവാസ്; ചന്തയില്‍ അരിച്ചാക്ക് ചുമന്നിട്ടുണ്ട്

കൊച്ചി: ഇന്ന് പുലര്‍ച്ചെ മലയാളികള്‍ കേട്ടത് ഒരു സന്തോഷ വാര്‍ത്തയായിരുന്നു. മൂന്ന് ദിവസമായി കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തിയെന്നതായിരുന്നു അത്. മേലുദ്യോഗസ്ഥന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതിരുന്നതിന് പരസ്യമായി ശകാരിച്ചതിലുള്ള കടുത്ത മാനസിക വിഷമം മൂലമാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ സി.ഐ ആയിരുന്ന നവാസ് നാടുവിട്ടത്. നിറമുള്ള ജീവിതമായിരുന്നില്ല കുട്ടിക്കാലത്ത് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ദരിദ്ര കുടുംബത്തിന് ഒരു ദിവസത്തെ ജീവിതം പോലും മുന്നോട്ടു കൊണ്ടുപോകാന്‍ പാടുപെടേണ്ടി വന്നു. കോളേജില്‍ പഠിക്കുന്നതിനിടെ ആലപ്പുഴ കുത്തിയതോട് ചന്തയില്‍ അരിച്ചാക്ക് ചുമന്നിരുന്ന നവാസിനെ പലരും ഓര്‍ക്കുന്നു.

നവാസിന്റെ നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഈ ഓഫീസറെ കുറിച്ച് പറയുവാന്‍ നല്ലത് മാത്രമേയുള്ളു. പാരലല്‍ കോളേജില്‍ അദ്ധ്യാപകനുമായി. ഇതിന് ശേഷമാണ് നവാസിന് പൊലീസില്‍ ഉദ്യോഗം നേടാനായത്. കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥന്‍, അഴിമതിക്കെതിരെ എന്നും മുന്നില്‍, സേനയില്‍ എത്തിയപ്പോള്‍ കൈക്കൂലിക്കാരെ ആട്ടിയോടിച്ചിരുന്നു. മക്കളുടെ ഫീസ് കൊടുക്കാനില്ലാത്തപ്പോള്‍ പലരില്‍ നിന്നും കടം വാങ്ങും. ശമ്പളം ലഭിക്കുമ്പോള്‍ മടക്കി നല്‍കും. വഴിവിട്ട ശുപാര്‍ശകളുമായി വരുന്ന മേലുദ്യോഗസ്ഥരോട് നേരത്തെയും വഴക്കിട്ടിട്ടുണ്ട്.

ഇദ്ദേഹത്തിന് മികച്ച കുറ്റാന്വേഷകനുള്ള ബാഡ്ജ് ഒഫ് ബഹുമതിയും ലഭിച്ചു. ചില കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതിനാല്‍ നവാസ് സെന്‍ട്രല്‍ സ്റ്റേഷനില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.മൂന്ന് ദിവസമായി നവാസിന് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. അതിനിടെ ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നുമാണ് റെയില്‍വേ പൊലീസ് നവാസിനെ തിരിച്ചറിയുകയും കേരള പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇന്ന് വൈകിട്ടോടെ നവാസിനെയും കൂട്ടി പൊലീസ് സംഘം കൊച്ചിയിലെത്തുമെന്നാണ് കരുതുന്നത്.

നവാസിനെ പരസ്യമായി ശകാരിച്ച ആരോപണ വിധേയനായ അസി. കമ്മിഷണര്‍ പി.എസ് സുരേഷിനും നവാസിനും ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥലം മാറ്റമുണ്ടായിരുന്നു. വീണ്ടും നവാസിന്റെ മേലുദ്യോഗസ്ഥനായിട്ടായിരുന്നു സുരേഷിന്റെ വരവ്. സുരേഷ് മട്ടാഞ്ചേരി അസി. കമ്മിഷണറും നവാസ് സി.ഐയും. ഇരുവരും ഇന്ന് ചുമതലയേല്‍ക്കേണ്ടതായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button