പാലാ: നിയമസഭാകക്ഷി നേതൃസ്ഥാനവും വർക്കിംഗ് ചെയർമാൻ പദവിയും ഒരുമിച്ച് വേണമെന്ന് പി.ജെ ജോസഫ്. എന്നാൽ ഇത് അംഗീകരിച്ചു കൊടുക്കാൻ ജോസ് കെ മാണി തയ്യാറല്ല. ജോസ് കെ മാണി വിഭാഗം ഇത് ആവർത്തിച്ചതോടെ കേരള കോൺഗ്രസിലെ സമവായ ചർച്ചകൾ വഴിമുട്ടി. സി.എഫ് തോമസിനെ ചെയർമാനായി തിരഞ്ഞെടുക്കണമെങ്കിൽ വർക്കിംഗ് ചെയർമാൻ പദവി വിട്ടു നൽകണമെന്നാണ് മാണി വിഭാഗത്തിന്റെ പ്രധാന ആവശ്യം.
ചെയർമാൻ പദവിയിൽ കെ.എം മാണിയുടെ മകൻ തന്നെ എത്തണമെന്നാണ് മാണി ഗ്രൂപ്പ് പറയുന്നത്. സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ജോസ് കെ മാണി. ജോസ് കെ മാണി അധ്യക്ഷനാകാതിരിക്കാൻ രണ്ടും കൽപ്പിച്ചാണ് പി.ജെ ജോസഫ് രംഗത്തിറങ്ങിയിരിക്കുന്നത്. ഇനി സി.എഫ് തോമസിന് അധ്യക്ഷ പദവി നൽകിയാൽ വർക്കിംഗ് ചെയർമാൻ പദവി വേണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം. സമാന്തര സംസ്ഥാന കമ്മറ്റി വിളിക്കാൻ ജോസ് കെ മാണി പക്ഷത്ത് ആലോചനയുണ്ട്. എന്നാൽ വിമത പ്രവർത്തനമായി ചിത്രീകരിക്കാമെന്ന ആശങ്കയിൽ തീരുമാനം വൈകുന്നു. പാർട്ടിയിൽ ശക്തിയുറപ്പാക്കാൻ ഇരുവിഭാഗത്തും നീക്കമുണ്ട്. ജോസഫിനെതിരെ നിയമ നടപടികൾക്കും മാണി വിഭാഗം ചർച്ച ആരംഭിച്ചു.
സി.എഫിന് ശേഷം അടുത്ത ഊഴം തനിക്കെന്ന് സംസ്ഥാന കമ്മറ്റിയിൽ തീരുമാനം ഉണ്ടാകണമെന്നും ജോസ് കെ മാണി ലക്ഷ്യമാക്കുന്നുണ്ട്. ഇതിനു വഴങ്ങാതെയായിരുന്നു പി.ജെ ജോസഫ് ഏകപക്ഷീയ ഫോർമുല പരസ്യമാക്കിയത്. ഇതോടെ ചർച്ചകൾ താൽക്കാലികമായി നിലച്ചു
Post Your Comments