പാലക്കാട്: ദ്രാവകരൂപത്തിലാക്കി കടത്തുകയായിരുന്ന 1.2 കിലോ സ്വര്‍ണവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. വയനാട് സ്വദേശി അബ്‌ദുള്‍ ജസീര്‍ (26), കോഴിക്കോട് താമരശേരി സ്വദേശി അജ്‌നാസ് (26) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. അബ്‌ദുള്‍ ജസീറാണ് സ്വര്‍ണം ഷാര്‍ജയില്‍ നിന്നും എത്തിച്ചത്. ഇത് കോഴിക്കോട്ട് എത്തിക്കുമ്പോള്‍ ഒരുലക്ഷം രൂപയും ഒരു മൊബൈല്‍ ഫോണുമാണ് പ്രതിഫലമായി ലഭിക്കുക.
ഓരോ കടത്തിനും ഓരോ ഫോണുകളാണ് ജസീര്‍ ഉപയോഗിച്ചത്. ട്രിച്ചി എയര്‍പോര്‍ട്ടില്‍ പരിശോധന കുറവാണെന്നു മനസിലാക്കിയാണ് അവിടം തെരഞ്ഞെടുത്തത്. ജസീറിനെയും സ്വര്‍ണവും കാറില്‍ കൊണ്ടുവരാന്‍ വേണ്ടിയാണ് അജ്‌നാസ് ട്രിച്ചി എയര്‍പോര്‍ട്ടില്‍ എത്തിയത്.ഷാര്‍ജയില്‍നിന്ന് തിരുച്ചിറപ്പള്ളി വിമാനത്താവളംവഴി എത്തിച്ച സ്വര്‍ണം കോഴിക്കോട്ടേക്ക് കാറില്‍ കടത്തുകയായിരുന്നു. ദ്രാവകരൂപത്തിലുള്ള സ്വര്‍ണം പ്ലാസ്‌റ്റിക് കവറില്‍ പൊതിഞ്ഞ് ഗര്‍ഭനിരോധന ഉറകൊണ്ട് കെട്ടി അടിവസ്‌ത്രത്തില്‍ പ്രത്യേകം അറകള്‍ ഉണ്ടാക്കിയാണ് കടത്തിയത്.
സമാന രീതിയില്‍ മുമ്പും കേരളത്തിലേക്ക് സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ എക്‌സൈസിനോട് പറഞ്ഞു.എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പാര്‍ട്ടി വാളയാര്‍-പാലക്കാട് ദേശീയപാതയില്‍ കുരുടിക്കാടിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.തുടര്‍ നടപടികള്‍ക്കായി കേസ് പാലക്കാട് കസ്‌റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസിന് കൈമാറി.
Post Your Comments