നെടുങ്കണ്ടം: സ്വകാര്യ സ്ഥാപനം വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി. സ്വാശ്രയ സംഘങ്ങള്‍ക്ക് വായ്പ വാഗ്ദാനം ചെയ്താണ് സ്വകാര്യ സ്ഥാപനം ലക്ഷങ്ങള്‍ തട്ടിയെടുത്തത്. മാസങ്ങള്‍ കഴിഞ്ഞിട്ടും വായ്പ ലഭിക്കാതെയായതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി ബഹളം വച്ചതിനെത്തുടര്‍ന്ന് പോലീസെത്തി സ്ഥാപനം അടച്ചുപൂട്ടി.
സംഭവവുമായി ബന്ധപ്പെട്ട് ഉടമയും ജീവനക്കാരും ഉള്‍പ്പടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൂക്കുപാലം പുഷ്പക്കണ്ടം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹരിത ഫൈനാന്‍സാണ് അടച്ചുപൂട്ടിയത്. കഴിഞ്ഞ ജനുവരി മുതല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ വീടുകളിലെത്തി മൈക്രോഫിനാന്‍സ് പദ്ധതിയില്‍ ആളുകളെ ചേര്‍ത്തിരുന്നു. 15 ദിവസം മുമ്പാണ് തൂക്കുപാലത്ത് ഓഫീസ് ആരംഭിച്ചത്. അഞ്ചുപേരടങ്ങുന്ന ജെ.എല്‍.ജി സംഘങ്ങള്‍ രൂപീകരിച്ച് ഇവര്‍ക്ക് ഒരുലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്.
ഇതിന്റെ പ്രാഥമിക ചെലവുകള്‍ക്കായി 1000 രൂപ മുതല്‍ 5000 രൂപ വരെ ഓരോ വ്യക്തിയില്‍ നിന്നും വാങ്ങിയിരുന്നു. 1000 രൂപ അടയ്ക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വായ്പ നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. ആയിരത്തിന്റെ ഗുണിതങ്ങള്‍ അനുസരിച്ച് വായ്പാ തുകയിലും വര്‍ധനവ് വരും. വായ്പ നല്‍കുന്നതിന്റെ സര്‍വീസ് ചാര്‍ജായാണ് തുക വാങ്ങിയിരുന്നത്. ഇതിന് രസീതും നല്‍കിയിരുന്നു.
ഓരോ അംഗങ്ങളുടെയും ഫോട്ടോ, ആധാര്‍, പാസ്ബുക്ക് എന്നിവയുടെ കോപ്പിയും ചെക്ക് ലീഫും സംഘത്തിലെ ഒരാളുടെ പാന്‍ കാര്‍ഡും മാത്രമാണ് ഈടായി വാങ്ങുന്നത്. കുറഞ്ഞ പലിശനിരക്കിലാണ് വായ്പ വാഗ്ദാനം ചെയ്തത്. 36 പ്രതിമാസ തവണകള്‍ കൊണ്ട് തുക തിരിച്ചടയ്ക്കണം എന്നതായിരുന്നു വ്യവസ്ഥ.
എന്നാല്‍ പണമടച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വായ്പാത്തുക ലഭിക്കാത്തതിനെത്തുടര്‍ന്ന് സ്ഥാപനത്തില്‍ എത്തിയവരെ ഓരോ അവധികള്‍ പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. ഈ അവധികള്‍ക്ക് ശേഷവും പണം ലഭിക്കാതായതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് സ്ഥാപനത്തിലെത്തി ബഹളം വച്ചത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് എത്തിയ പോലീസ് സ്ഥാപനം അടച്ചുപൂട്ടുകയും ഉടമയെയും ജീവനക്കാരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Post Your Comments