വെള്ളരിക്കുണ്ട്: മഴ കനത്തതോടെ അതിര്‍ത്തിഗ്രാമങ്ങള്‍ ഡെങ്കിപ്പനി ഭീതിയില്‍. മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപനി പടര്‍ന്നുപിടിച്ച കൊന്നക്കാട്, വള്ളക്കടവ് ഭാഗങ്ങളില്‍ ഇന്നവണയും പനിബാധിച്ച് നിരവധി പേര്‍ ചികിത്സയിലാണ്. കൊതുകിന്റെ ഉറവിടനശീകരണവും ബോധവത്കരണവുമായി ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഇവിടെ മുന്നൂറിലധികം പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. അതിര്‍ത്തി പ്രദേശങ്ങളിലെ തോട്ടങ്ങളോട് ചേര്‍ന്ന് താമസിക്കുന്നവരായിരുന്നു ഇവരിലധികവും. വെസ്റ്റ് എളേരി പഞ്ചായത്തിലെ കരുവന്‍കയത്ത് ആറുപേര്‍ ഇപ്പോള്‍ ഡെങ്കിപ്പനി പിടിച്ച് ചികിത്സയിലുണ്ട്. കിളിയന്‍ചാല്‍, പുന്നക്കുന്ന് പ്രദേശത്തും രോഗബാധിതരുണ്ട്. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പന്നിത്തടം, ഏറാന്‍ചീറ്റ പ്രദേശങ്ങളില്‍നിന്നും പനിബാധിച്ച് വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് നിരവധി പേര്‍ എത്തിയിരുന്നു.
കൊന്നക്കാട് പ്രാഥമികാരോഗ്യകേന്ദ്രം പരിധിയില്‍ വരുന്ന വള്ളിക്കടവിലാണ് ഈ വര്‍ഷം ആദ്യം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലും സ്വകാര്യ ആസ്പത്രികളിലുമായി ചികിത്സ നടത്തി വരുന്നവരുണ്ട്. പനി പടരുന്നത് പ്രതിരോധിക്കാന്‍ കൊതുകുനശീകരണമാണ് പ്രധാനമെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. റബ്ബര്‍, കവുങ്ങ് തോട്ടങ്ങളില്‍ കൊതുക് പെരുകാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. റബ്ബര്‍ പാല്‍ ശേഖരിക്കുന്ന ചിരട്ടകളില്‍ വേനല്‍മഴയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാന്‍ കാരണമായതും ഡെങ്കിപ്പനി പടര്‍ന്നതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നു. കവുങ്ങിന്‍തോട്ടത്തിലെ പാളകളിലും സമാനരീതിയില്‍ കൊതുക് പെരുകും. ഇത്തരത്തില്‍ കൊതുക് പെരുകുന്നത് തടയാന്‍ തോട്ടം ഉടമകള്‍ക്ക് മുന്നറിയിപ്പും നോട്ടീസും നല്‍കിയാലും ഇത് ഫലപ്രദമാകുന്നില്ല. ഇതോടെ പരിസരശുചീകരണവും കൊതുകുനശീകരണവും സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനയുടമകള്‍ക്കും തോട്ടമുടമകള്‍ക്കുമെതിരേ നിയമനടപടി തുടങ്ങിയതായി വെള്ളരിക്കുണ്ട് പി.എച്ച.സി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത് സി.ഫിലിപ്പ് അറിയിച്ചു.
Post Your Comments