ലണ്ടന്‍: ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഇന്ന് നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ടിമീന് ആശങ്ക നല്കുന്ന ആ താരത്തെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത് എന്നിങ്ങനെ പ്രതിഭകളുടെ നീണ്ട നിര തന്നെ ഓസീസിനുണ്ടെങ്കിലും നിര്‍ണായക പോരാട്ടത്തിനായി കളത്തിലിറങ്ങുമ്പോള്‍ ഇവരൊന്നുമല്ല ഇന്ത്യന്‍ ടീമിന് ആശങ്ക നല്‍കുന്നത്. എതിര് കളിക്കാരെക്കാളും ഇന്ത്യ സൂക്ഷിക്കേണ്ട ഒരാള്‍ ഓസ്ട്രേലിയന്‍ ടീമിലുണ്ടെന്നത് തന്നെയാണ് കാരണം. അത് മറ്റാരുമല്ല, ഓസിസ് ബാറ്റിംഗ് കോച്ച് റിക്കി പോണ്ടിംഗ് തന്നെയാണ് ആ പേടിക്ക് പിന്നില്‍.
മൂന്ന് തവണ ലോകകപ്പ് കിരീടം ചൂടിയ അനുഭവം മാത്രമല്ല, ഐപിഎല്ലില്‍ പരിശീലകനായതിലൂടെ ഇന്ത്യന്‍ താരങ്ങളെക്കുറിച്ചുള്ള പോണ്ടിംഗിന്റെ അറിവും ഓസീസ് ടീമിന് മുതല്‍ കൂട്ടാവും എന്നാണ് വിലയിരുത്തല്‍. ക്രിക്കറ്റ് ലോകം അടക്കിവാണ ഒരു ബാറ്റിംഗ് ചക്രവര്‍ത്തി മാത്രമല്ല അദ്ദേഹം. ഓസ്ട്രേലിയയെ ഒരു പ്രൊഫഷണല്‍ ടീമായി വളര്‍ത്തിയെടുത്തതിന് പിന്നലെ ബുദ്ധികേന്ദ്രവും കൂടി ആയിരുന്നു. 2003ല്‍ ജൊഹന്നാസ്ബര്ഗില് ഇന്ത്യന്‍ ആരാധകര്‍ കണ്ണിര് പൊഴിക്കുമ്പോഴാണ് പോണ്ടിംഗ് കിരീടമുയര്‍ത്തിയത്. അതിന് മുന്‍പും പിന്‍പും ലോകകപ്പ് നാട്ടിലേക്ക് കൊണ്ട് പോയി പോണ്ടിംഗ്.
ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പോണ്ടിംഗ് പിന്നീട് ഇന്ത്യയും തട്ടകമാക്കി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തിലായിരുന്നു തുടക്കം. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനായ അദ്ദേഹം ഒരര്‍ത്ഥത്തില്‍ ശിഖര്‍ ധവാന് അടക്കമുള്ളവരുടെ ഗുരു കൂടിയാണ്. ഇത് അല്‍പ്പം ആശ്വാസം പകരുമെങ്കിലും ഇന്ത്യക്കാരുടെ ശക്തി ദൗര്‍ബല്യങ്ങളെല്ലാം ഗൃഹപാഠം ചെയ്തയാളാണ് ഓസീസ് ബാറ്റിംഗ് കോച്ച് എന്നതാണ് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന സുപ്രധാന ഘടകം. ഇന്ത്യന്‍ താരങ്ങള്‍ക്ക് പകര്‍ന്നു നല്കിയ തന്ത്രങ്ങള്‍ക്ക് എങ്ങനെ മറുതന്ത്രവും പ്രയോഗിക്കണമെന്നതും തീര്‍ച്ചയായും പോണ്ടിംഗിനറിയാം. അതിനാല്‍ തന്നെ പോണ്ടിംഗിന്റെ ഉപദേശങ്ങള്‍ ഗ്രൗണ്ടില്‍ എടുത്താല്‍ അത് ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയാകാനേ തരമുള്ളൂ.
Post Your Comments