Latest NewsKerala

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ കാര്യത്തിൽ പൊടിക്കൈകള്‍ ശാശ്വതമല്ല ; ഇ ശ്രീധരന്‍

കൊച്ചി : നിർമാണത്തിൽ അപാകത സംഭവിച്ച പാലാരിവട്ടം മേല്‍പ്പാലത്തിന്റെ കാര്യത്തിൽ പൊടിക്കൈകള്‍ ശാശ്വതമല്ലെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. മേൽപ്പാലം മാറ്റിപ്പണിയുന്നതു മാത്രമാണ് ഉചിത മാര്‍ഗം. ഗര്‍ഡറുകളെല്ലാം മാറ്റി പുതിയത് ഉപയോഗിക്കണം.

ഇളക്കം തട്ടിയ ഗര്‍ഡറുകള്‍ വീണ്ടും യോജിപ്പിക്കുന്നത് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുകയേയുള്ളൂ.  പാലങ്ങള്‍ക്ക് 100 വര്‍ഷത്തിനു മീതെ ആയുസ്സ് വേണ്ടതാണ്. പൊടിക്കൈകള്‍ കൊണ്ടു പാലം നിലനിര്‍ത്തുന്നതു ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാലത്തിന്റെ ഇപ്പോഴത്തെ രൂപരേഖതന്നെ തെറ്റാണ് ഗര്‍ഡറുകള്‍ കൂട്ടിയിണക്കാന്‍ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതാണ് വാഹനം പോകുമ്പോൾ പാലം ഇളകുന്നതിന് കാരണം.

പാലാരിവട്ടം പാലത്തില്‍ ആവശ്യത്തിനു ‘മിഡില്‍ ഡയഫ്രം’ ഉപയോഗിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. ദേശീയപാതയിലുള്ള പാലങ്ങള്‍ സംസ്ഥാനം ഏറ്റെടുത്തു ചെയ്യേണ്ടതുണ്ടോ എന്നു പരിശോധിക്കണം. ദേശീയപാത അതോറിറ്റിക്ക് സംവിധാനങ്ങളുണ്ട്. കരാറുകള്‍ നല്‍കാന്‍ വേണ്ടി മാത്രം മേല്‍പാലം പോലുള്ള പദ്ധതികള്‍ തുടങ്ങുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പാലത്തിന്റെ നിർമാണത്തിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടം ആവശ്യമാണ്. പാലം തകര്‍ച്ച നേരിട്ടപ്പോള്‍ ആദ്യം വിജിലന്‍സിനെ സമീപിക്കുകയല്ല, എന്‍ജിനീയറിങ് വിദഗ്ധരെ സമീപിക്കുകയായിരുന്നു വേണ്ടത്.  കൊച്ചിയില്‍ ഡിഎംആര്‍ഡി സ്വന്തം ഡിസൈനില്‍ നിര്‍മിച്ച നാലു പാലങ്ങളും സമയബന്ധിതമായി ചുരുങ്ങിയ ബജറ്റിലാണു തീര്‍ത്തത്. ഇടപ്പള്ളി മേല്‍പാലത്തിന് 54.23 കോടിയായിരുന്നു എസ്റ്റിമേറ്റ്. ഫൂട് ഓവര്‍‌ ബ്രിജും എസ്കലേറ്ററും നിര്‍മിക്കേണ്ട അഞ്ചു കോടിയുടെ പണി ഡിഎംആര്‍സി ചെയ്തിട്ടില്ല. പാലം പൂര്‍ത്തിയാക്കിയത് 33.12 കോടി രൂപയ്ക്കാണ്. മൊത്തം പദ്ധതി സംഖ്യയില്‍ 16.11 കോടി രൂപ മടക്കി നല്‍കുകയായിരുന്നുവെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button