ബ്രിട്ടനില്‍ തെരേസാ മേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞതോടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നു. നേതൃസ്ഥാനത്തേക്ക് അടുത്ത തിങ്കളാഴ്ച വരെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നിരവധിപേര്‍ ഈ സ്ഥാനത്തേക്ക് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുന്‍ വിദേശകാര്യ മന്ത്രിയും ലണ്ടന്‍ മേയറുമായിരുന്ന ബോറിസ് ജോണ്‍സണാണ് അതില്‍ പ്രധാനി.
പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി വിമത നേതാവിന്റെ പരിവേഷമുള്ള ബോറിസ് ജോണ്സണ് ഇത്തവണയും നേരത്തെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, ഹൌസ് ഓഫ് കോമണ്‍സ് ലീഡറായിരുന്ന ആന്‍ഡ്രിയ ലീഡ്സം, പരിസ്ഥിതി സെക്രട്ടറി മൈക്കിള്‍ ഗോവ് മുന്‍ ബ്രെക്സിറ്റ് സെക്രട്ടറിയും യുവനേതാവുമായ ഡൊമിനിക് റാബും എന്നിവരും മത്സരം രംഗത്തുണ്ട്. രണ്ട് എം.പി.മാരുടെ പിന്തുണയോടെയാകണം നേതൃസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ പത്രിക സമര്‍പ്പിക്കേണ്ടത്.
രണ്ടില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളുണ്ടായാല്‍ തുടര്‍ച്ചയായ വോട്ടെടുപ്പുകളിലൂടെ സ്ഥാനാര്‍ഥികളുടെ എണ്ണം കുറച്ചുകൊണ്ടു വരും. കുറഞ്ഞ വോട്ടുകള്‍ കിട്ടുന്നയാള്‍ പുറത്താവുകയും ഒടുവില്‍ കൂടുതല്‍ വോട്ടുലഭിക്കുന്ന വ്യക്തി പ്രധാനമന്ത്രിയാകുകയും ചെയ്യും. തെരഞ്ഞെടുപ്പ് പ്രക്രിയ കഴിയും വരെ തെരേസ മേ കാവല്‍ പ്രധാന മന്ത്രിയായി തുടരും.
Post Your Comments