തിരുവനന്തപുരം: ദില്ലിയിലെ 12 ഏക്കറോളം ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി തിരുവിതാംകൂര്‍ രാജകുടുംബം നിയമപോരാട്ടത്തിനൊരുങ്ങവെ പ്രതികരണവുമായി മന്ത്രി കടകംപള്ളി രംഗത്ത്. ട്രാവന്‍കൂര്‍ ഹൗസ് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതതയിലാണെന്ന് മന്ത്രി പറഞ്ഞു. പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജകുടുംബാഗമായ ആദിത്യവര്‍മ്മ നല്‍കിയ കത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസിന്റെയും കപൂര്‍ത്തല പ്ലോട്ടിന്റേയും ഉടമസ്ഥാവകാശമാണ് തിരുവിതാംകൂര്‍ രാജകുടുംബം ആവശ്യപ്പെടുന്നത്. ശംഖുമുഖം കൊട്ടാരവും കനകക്കുന്ന് കൊട്ടാരവുമൊക്കെ നേരത്തേ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റേതായിരുന്നു. അതൊക്കെ തിരിച്ചു ചോദിച്ചാല്‍ എന്തു ചെയ്യുമെന്നും കടകംപള്ളി ചോദിച്ചു. ഏതു സാഹചര്യത്തില്‍ ആണ് രാജകുടുംബം ഉടമസ്ഥാവകാശം ഉന്നയിച്ചത് എന്ന് മനസിലാകുന്നില്ലെന്നും കടകംപള്ളി വ്യക്തമാക്കി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ സ്ഥലത്ത് പല കെട്ടിടങ്ങളും ഉയര്‍ന്നു.
1988ല്‍ സുപ്രീംകോടതി 3.88 ഏക്കറിന്റെ കൈവശാവകാശം സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഉടമസ്ഥാവകാശമില്ലാത്തതിനാല്‍ 2011ലും 2014ലും ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ഈ ഭൂമിയിലുള്ള നിര്‍മ്മാണ അപേക്ഷകള്‍ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ്, കൈവിട്ടുപോയ ഭൂമി തിരികെ പിടിക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബം നീക്കം ശക്തമാക്കിയത്. 1967ല്‍ കേരള എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് കൈമാറിയ 2.16 ഏക്കര്‍ ഒഴികെയുള്ള ഭൂമി തിരികെ വേണമെന്നാണ് ആവശ്യം. 100 വര്‍ഷത്തോളം പഴക്കമുള്ള ഭൂമി ഇടപാടുകള്‍ ഉള്‍പെട്ടതിനാല്‍ ഈ അവകാശ തര്‍ക്കം ഏറെ നീളാനാണ് സാധ്യത.
Post Your Comments