സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരെ ഷൂ വലിച്ചെറിയാന്‍ അണികളെ ആഹ്വാനം ചെയ്ത് ബിജെപി എംഎല്‍എ. യുപിയിലെ എംഎല്‍എയായ രാം രത്തന്‍ കുശ്വാഹയാണ് വിവാദ പരാമര്‍ശം നടത്തിയത്.
യുപി സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തിനുള്ളില്‍ ജോലി തുടങ്ങാതിരിക്കുകയും നിങ്ങളെ ശല്യപ്പെടുത്തുകയോ ചെയ്യുകയാണെങ്കില്‍ ചെരിപ്പൂരി അവരെ അടിക്കുക എന്നായിരുന്നു കുശ്വാഹയുടെ വാക്കുകള്‍. ക്ഷമക്ക് ഒരു അതിരുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംഎല്‍എ പാര്‍ട്ടി അനുയായികളോട് ഇങ്ങനെ പറഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തു വരുകയും സോഷ്യല്‍ മീഡിയില്‍ വൈറലാകുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്.
തെരഞ്ഞെടുപ്പ് വേളയില്‍ എസ്പിയും ബിഎസ്പിയും അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അവരെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും കുശ്വാഹ പറയുന്നുണ്ട്.
മുമ്പ് മുന്‍ ബിജെപി എംപിയായ പ്രിയങ്ക റാവത്ത് ബറാബങ്കിയിലെ ഒരു ഐ.എ.എസ് ഓഫീസറെ ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. ഓഫീസറുടെ ജീവിതം താന്‍ ബുദ്ധിമുട്ടിലാക്കുമെന്നായിരുന്നു പ്രിയങ്കയുടെ മുന്നറിയിപ്പ്. ഫത്തേപ്പൂര്‍ സിക്രിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയതും ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ മറ്റൊരു സംഭവമായിരുന്നു.
Post Your Comments