തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് ദില്ലിക്ക് തിരിക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനുമായി കെ കെ ശൈലജ കൂടികാഴ്ച നടത്തും. കേരളത്തിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും.
അതേസമയം, കേരളം സന്ദര്‍ശിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും അടിയന്തര സാഹചര്യം ഉണ്ടായാല്‍ സംസ്ഥാനത്തെത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. നിപയുടെ ഉറവിടവും ഒരു വര്‍ഷത്തിന് ശേഷം വീണ്ടും വന്നതും നിലവില്‍ കേരളത്തിലുള്ള കേന്ദ്ര സംഘം പഠിക്കും. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനുമായി നടത്തിയ ചര്‍ച്ചയിലാണ് ഹര്‍ഷവര്‍ദ്ധന്‍ ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് റീജണല്‍ വൈറോളജി ലാബ് എന്ന ആവശ്യം കെ കെ ശൈലജ വീണ്ടും കേന്ദ്രമന്ത്രിയെ അറിയിക്കും. കോഴിക്കോട് ലാബിന് കേന്ദ്രം അനുവദിച്ച മൂന്ന് കോടി രൂപ മതിയാകില്ല കൂടുതല്‍ തുക വേണമെന്ന കാര്യവും ആരോഗ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈറോളജി ലാബ് രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കാനാണ് ശ്രമമെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ 316 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. നിപ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Post Your Comments