മലപ്പുറം: മലപ്പുറം നടക്കാവ് ഭാരതീയ വിദ്യാഭവന് സ്കൂള്‍ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പ്രതിഷേധവുമായി രക്ഷിതാക്കള്‍. സ്കൂളില്‍ കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ രംഗത്തെത്തിയത്. മണ്ണിടിച്ചില്‍ മൂലം സ്കൂള്‍ കെട്ടിടം അപകടാവസ്ഥയിലായിട്ടും പരിഹാരം കാണാന്‍ മാനേജ്മെന്റ് തയ്യാറാവുന്നില്ലെന്നാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്ന പരാതി.
കഴിഞ്ഞ പ്രളയകാലത്ത് മണ്ണിടിഞ്ഞ് സ്കൂളിന്റെ മുന്‍ഭാഗത്തെ മതില് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇതിന് പിന്നാലെ പല പ്രാവശ്യമായി മണ്ണിടിഞ്ഞ് സ്കൂളിന് സമീപത്ത് വന്‍ കുഴികള്‍ രൂപപ്പെടുകയും ചെയ്തു. ഇതോടെ സ്കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തന്നെ ഏത് സമയത്തും വീഴുമെന്ന അവസ്ഥയിലായി.
കളിക്കുന്നതിനിടെ ഈ ഭാഗത്തേക്ക് പോകുന്ന കുട്ടികള്‍ കുഴിയില്‍ വീണ് അപകടത്തില്‍ പെടാനും സാധ്യതയേറെയാണ്. രക്ഷിതാക്കളുടെ നിരന്തര പരാതിയെ തുടര്‍ന്ന് കുട്ടികള്‍ അപകട സ്ഥലത്തേക്ക് പോകാതിരിക്കാന്‍ മാനേജ്മെന്റ് ഇരുമ്പ് ഷീറ്റുകൊണ്ട് മറച്ചു കെട്ടി. പക്ഷെ സ്കൂള്‍ കെട്ടിടത്തിന് അപകടാവസ്ഥ പരിഹരിക്കാന്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെയായി 972 കുട്ടികള്‍ പഠിക്കുന്ന അണ്‍എയ്ഡഡ് സ്കൂളാണ് ഇത്. സമീപത്തെ ചില സ്ഥലമുടമകള്‍ അശാസ്ത്രീയമായി മണ്ണെടുത്തതാണ് മതില് ഇടിഞ്ഞുവീഴാന്‍ കാരണമെന്നാണ് മാനേജ്മെന്റ് നല്കുന്ന വിശദീകരണം. നിയമ നടപടികളില്‍ കുടുങ്ങിക്കിടക്കുന്നത് കൊണ്ടാണ് അറ്റകുറ്റ പണികള്‍ ചെയ്യാന്‍ കഴിയാത്തതെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു.
Post Your Comments