Latest NewsKerala

മുന്നറിയിപ്പ് അവഗണിക്കരുത്; അനര്‍ഹമായ റേഷന്‍കാര്‍ഡുകള്‍ കൈവശം വെക്കുന്നവര്‍ക്ക് അവസാന താക്കീത്

തിരുവനന്തപുരം : മുന്നറിയിപ്പ് അവഗണിച്ചും അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ സൂക്ഷിക്കുക. കാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ വരുംദിവസങ്ങളില്‍ നിങ്ങളുടെ വീട്ടിലെത്തും. മൂന്നാഴ്ചകൊണ്ട് മാത്രം 6938 അനര്‍ഹമായ കാര്‍ഡുകളാണ് സംസ്ഥാനത്ത് പിടിച്ചെടുത്തത്. ഭക്ഷ്യവസ്തുക്കള്‍ വാങ്ങിയവരില്‍ നിന്ന് അതിന്റ തുകയും ഉടന്‍ തിരിച്ചുപിടിക്കും.

അര്‍ഹരായ എഴുപതിനായിരത്തോളം കുടുംബങ്ങള്‍ മുന്‍ഗണന പട്ടികയ്ക്ക് പുറത്താണ്. അനര്‍ഹരായവരെ ഒഴിവാക്കുന്ന മുറയ്ക്ക് ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തും. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്. 1117 എണ്ണം. എറണാകുളത്ത് 763 ഉം തിരുവനന്തപുരത്ത് 756 ഉം ആലപ്പുഴയില്‍ 739 ഉം കാര്‍ഡുകള്‍ പിടിച്ചെടുത്തു. കോട്ടയം 603, പത്തനംതിട്ട 556, കോഴിക്കോട് 522, മലപ്പുറം 463 ഇങ്ങനെപോകുന്നു മറ്റിടങ്ങളിലെ കണക്കുകള്‍.

പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്ത് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അനര്‍ഹമായ കാര്‍ഡുകള്‍ തിരിച്ചേല്‍പിക്കാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ നേരിട്ടിറങ്ങിയത്. 1000 ചതുരശ്ര അടി വീടും ആഡംബര വാഹനങ്ങളും ഉള്ളവര്‍ മാത്രമല്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍വരെ വിവരങ്ങള്‍ മറച്ചുവച്ച് മുന്‍ഗണന പട്ടികയില്‍ കയറിപ്പറ്റിയിട്ടുണ്ട്. കാര്‍ഡ് തിരിച്ചുനല്‍കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. മൂന്നുമാസത്തെ നിരീക്ഷണത്തില്‍ ഇവരില്‍ ഭൂരിഭാഗവും ഒരിക്കല്‍പോലും റേഷന്‍വാങ്ങിയിട്ടില്ലെന്നും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button