KeralaLatest News

കല്ലട വീണ്ടും വിവാദത്തില്‍; ഒരു ഭ്രാന്തിയെപ്പോലെ താന്‍ ബസിന് പിറകേ ഓടിയെന്ന് 23കാരി

തിരുവനന്തപുരം: യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നിയമനടപടി നേരിടുന്ന കല്ലട ട്രാവല്‍സ് വീണ്ടും വിവാദത്തില്‍. മലയാളിയായ 23കാരിയാണ് ബസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ബംഗളുരുവിലേക്ക് പോകവേ രാത്രി ഭക്ഷണം കഴിക്കാനിറങ്ങിയ പെണ്‍കുട്ടിയെ ബസില്‍ കയറ്റിയില്ലെന്നാണ് പരാതി. ബസിനു പിന്നാലെ ഏറെ ദൂരം ഓടിയെങ്കിലും വണ്ടി നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്നുമാണ് ആരോപണം.

പെണ്‍കുട്ടിയുടെ വാക്കുകളിലേക്ക്

‘ കഴക്കൂട്ടത്തു നിന്നും 6.45നാണ് ഞാന്‍ ബസില്‍ കയറിയത്. രാത്രി 10.30യ്ക്ക് അത്താഴം കഴിക്കാനായി ബസ് നിര്‍ത്തി. തിരുനെല്‍വേലിയാണെന്ന് തോന്നുന്നു. ഞാന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ 10-15 മിനിറ്റിനുള്ളില്‍ ബസ് നീങ്ങി. യാതൊരു മുന്നറിയിപ്പും നല്‍കാതെ ബസ് എടുത്ത് പോവുകയായിരുന്നു. ബസ് നീങ്ങുന്നതുകണ്ടതോടെ ഞാന്‍ പിറകേ ഓടി. അടുത്തുണ്ടായിരുന്നവര്‍ക്ക് കാര്യം മനസിലായതോടെ അവരും ബഹളം വയ്ക്കാനും സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ ഹോണടിക്കാനും തുടങ്ങി. പക്ഷേ ബസ് നീങ്ങി. ഒരു ഭ്രാന്തിയെപ്പോലെ ഞാന്‍ ബസിനു പിറകേ ഓടി. ഞാന്‍ ഓടുന്നതുകണ്ട് ചിലയാളുകള്‍ ലിഫ്റ്റ് ഓഫര്‍ ചെയ്തു. പക്ഷേ ആ സമയത്ത് അവരെ വിശ്വസിക്കാമോയെന്ന ഭീതിയിലായിരുന്നു ഞാന്‍. അവസാനം ഒരു കാര്‍ ബസിനു പിറകേ പോയി നിര്‍ത്തിച്ചു. എന്നിട്ടുപോലും അവര്‍ തിരിച്ചുവന്നില്ല. ഹൈവേയിലങ്ങോളം ഓടിയാണ് ഞാന്‍ ബസിനടുത്തെത്തിയത്. ഒടുക്കം ബസില്‍ കയറിപ്പറ്റിയപ്പോള്‍ ക്ഷമ ചോദിക്കുന്നതിനു പകരം ബസ് ഡ്രൈവര്‍ തന്നോട് രോഷം കൊള്ളുകയാണുണ്ടായത്. എന്താണ് അയാള്‍ പറഞ്ഞതെന്ന് എനിക്ക് മുഴുവനായി മനസിലായില്ല. അത് കേള്‍ക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. ഞാന്‍ വേഗം പോയി എന്റെ സീറ്റിലിരിക്കുകയായിരുന്നു. മറ്റു ബസുകളെപ്പോലെ നീങ്ങുന്നതിനു മുമ്പ് എല്ലാ യാത്രക്കാരും കയറിയോയെന്ന് അവര്‍ ഉറപ്പുവരുത്തുമെന്നാണ് ഞാന്‍ കരുതിയത്. കുറച്ചുസമയത്തിനുശേഷം താന്‍ ഒരു സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു. സുഹൃത്ത് ഡ്രൈവറെ വിളിച്ച് വിശദീകരണം ചോദിച്ചപ്പോള്‍ അയാള്‍ ഭീഷണിപ്പെടുത്തി.

സുഹൃത്തിന്റെ വാക്കുകള്‍

ഒരു സ്ത്രീയെ പാതിവഴിയില്‍ ഉപേക്ഷിച്ച് പോയതെന്തിനാണെന്നാണ് ഞാനവരോട് ചോദിച്ചത്. തമിഴിലായിരുന്നു സംസാരിച്ചത്. തമിഴ് അറിയില്ലെന്നും മലയാളത്തില്‍ സംസാരിക്കൂവെന്നും ഡ്രൈവര്‍ പറഞ്ഞു. മലയാളത്തില്‍ വീണ്ടും ഇത് ചോദിച്ചു. യാത്രക്കാര്‍ സീറ്റില്‍ തിരിച്ചെത്തിയോ ഇല്ലയോ എന്ന് അന്വേഷിക്കേണ്ടത് തന്റെ ഡ്യൂട്ടിയല്ലയെന്നാണ് അയാള്‍ പറഞ്ഞത്. ഒരു പെണ്ണിനെ രാത്രി ഇങ്ങനെ ഓടിച്ചിട്ടാണോ ഇങ്ങനെ പറയുന്നത്? എന്ന് ഞാന്‍ ചോദിച്ചു. ‘ഏത് ട്രാവല്‍സാണ് ഇതെന്ന് അറിയില്ലേ? കല്ലട ട്രാവല്‍സാണ്. ആരാണ് കല്ലടയെന്ന് അറിയാലോ?’ എന്നായിരുന്നു ഡ്രൈവറുടെ മറുപടി.

അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് കല്ലട ഹെഡ് ഓഫീസിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button