തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയാണെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു. ദുരൂഹത നീക്കാന്‍ ഏതന്വേഷണവും നടക്കട്ടെയെന്ന് ലക്ഷ്മി വ്യക്തമാക്കി.
തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തത്. നേരത്തെ ലോക്കല്‍ പൊലീസിനും ക്രൈംബ്രാഞ്ചിനും ആദ്യം നല്‍കിയ മൊഴിയില്‍ തന്നെ ലക്ഷ്മി ഉറച്ചുനിന്നു. അപകടമുണ്ടായ ഇന്നോവ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജ്ജുന്‍ തന്നെയായിരുന്നു. ബാലഭാസ്‌കര്‍ പിറകിലെ സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടം നടന്നപ്പോള്‍ തന്നെ ബോധം നഷ്ടമായിരുന്നെന്നും ലക്ഷ്മി ഉദ്യോഗസ്ഥരോട് പറഞ്ഞു.
സ്വര്‍ണ്ണകടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ്തമ്പി ബാലഭാ്‌സകറിന്റെ സ്റ്റാഫായിരുന്നില്ല. പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിന് പ്രതിഫലം നല്‍കിയിരുന്നു. ആരുമായും വ്യക്തി വൈരാഗ്യമോ പകയോ ഉണ്ടായിരുന്നതായി അറിവില്ലെന്നും ലക്ഷ്മി മൊഴി നല്‍കി.
‘അത്യാവശ്യം ധരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളു. പണമോ, ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ബാലഭാസ്‌കറിനോട് ആര്‍ക്കും വ്യക്തി വൈരാഗ്യമുള്ളതായി അറിയില്ല. ഡ്രൈവര്‍ അര്‍ജ്ജുന്റെ അമ്മായി ലതയുടെ കുടുംബവുമായി ബാലഭാസ്‌കറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. അവരുടെ ബിസിനസ്സ് ആവശ്യത്തിന് പണം നല്‍കിയിരുന്നു. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. അത് രണ്ടു തവണയായി തിരിച്ചു കിട്ടുകയും ചെയ്തു’ ലക്ഷ്മി മൊഴി നല്‍കി. കലാഭവന്‍ സോബിനില്‍ നിന്നും ക്രൈംബ്രാഞ്ച് നാളെ മൊഴിയെടുക്കും. അപകടം നടന്ന് അല്‍പ്പസമയത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ട് പേര്‍ പോകുന്നത് കണ്ടുവെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Post Your Comments