തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ, മകൾ തേജസ്വിനി ബാല എന്നിവരുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ മൗനം വെടിഞ്ഞ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. അപകടം നടക്കുമ്പോൾ കാർ അമിത വേഗത്തിലായിരുന്നെന്ന് ലക്ഷ്മിയുടെ മൊഴി. നാല് വർഷം മുൻപ് നടന്ന അപകടത്തെ കുറിച്ച് ഇതാദ്യമായാണ് ലക്ഷ്മി പ്രതികരിക്കുന്നത്. കോടതിയിൽ നൽകിയ മൊഴിയിലാണ് ലക്ഷ്മി സംഭവത്തെ കുറിച്ച് പറയുന്നത്.
കാറോടിച്ചിരുന്നത് കേസിലെ ഏക പ്രതി പാലക്കാട് സ്വദേശി അർജുൻ നാരായണനാണ്. ഇയാളെ ലക്ഷ്മി തിരിച്ചറിഞ്ഞു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ. വിദ്യാധരനാണ് കേസ് പരിഗണിക്കുന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ചയ്ക്കായി പോയപ്പോൾ പള്ളിപ്പുറത്ത് വെച്ച് അപകടത്തിൽപ്പെട്ടുവെന്നാണ് ലക്ഷ്മി പറയുന്നത്. അപകടത്തിൽ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങൾ കഴിഞ്ഞാണ് ബോധം തിരിച്ചുകിട്ടിയത്. മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് തന്നെയും ബാലഭാസ്‌കറെയും മാറ്റിയതിൽ ദുരൂഹതയില്ലെന്നും ലക്ഷ്മി കോടതിയിൽ മൊഴി നൽകി.
സംഗീതം കൊണ്ട് ആരാധകരെ കൈയിലെടുത്ത ബാലഭാസ്കർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് ഏകദേശം നാല് വർഷമായി. 20ാം വയസ്സിലാണ് സംഗീത സംവിധായകനായി രംഗത്തെത്തിയത്. ഈസ്റ്റ്കോസ്റ്റ് വിജയൻ രചിച്ച് 1998ൽ പുറത്തിറങ്ങിയ ‘നിനക്കായ്’ പ്രണയ ആൽബത്തിലെ നിനക്കായ് തോഴാ (നിനക്കായ് ദേവീ) പുനർജനിക്കാം എന്ന പാട്ടിലൂടെ ശ്രദ്ധനേടി. പിന്നീട് ബാലുവിന്റെ നാളുകളായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു അപകട മരണം.
Post Your Comments