കൊച്ചി: നിപ വൈറസ് ബാധിച്ചുവെന്ന സംശയത്തില്‍ എറണാകുളത്ത് ചികിത്സയിലുള്ള യുവാവ് എത്തിയത് തൊടുപുഴയില്‍ നിന്ന്. തൊടുപുഴയില്‍ വച്ച് പനി പിടിപ്പെട്ട യുവാവിന് പനി മൂര്‍ച്ഛിച്ചത് തൃശ്ശൂരില്‍ വച്ച്. ഇവിടെ നിന്നാണ് യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
തൊടുപുഴയിലെ കോളേജ് വിദ്യാര്‍ത്ഥിയായ യുവാവ് രണ്ടാഴ്ചത്തെ തൊഴില്‍ പരിശീലത്തിനായാണ് തൃശ്ശൂരില്‍ എത്തിയത്. എന്നാല്‍ ഇവിടെ എത്തുമ്പോള്‍ തന്നെ യുവാവിന് പനിയുണ്ടായിരുന്നതായി തൃശ്ശൂര്‍ ഡിഎംഒ കെ.ജെ റീന പറഞ്ഞു. തുടര്‍ന്ന് പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് എറണാകുളത്തേയ്ക്ക് കൊണ്ടു പോയതെന്ന് ഡിഎംഒ അറിയിച്ചു.
22 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് തൊഴില്‍ പരിശീലനത്തിനായി വിദ്യാര്‍ത്ഥി തൃശ്ശൂരില്‍ എത്തിയത്. ഇതില്‍ യുവാവുമായി കൂടുതല്‍ ഇടപഴകിയ ആറ് വിദ്യാര്‍ത്ഥികളൊഴിച്ച് 16 പേരും സ്വന്തം വീടുകളിലേയ്ക്ക് തിരിച്ചു പോയെന്നും ഇവരെല്ലാം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും ഡിഎംഒ അറിയിച്ചു. എന്നാല്‍ യുവാവുമായി കൂടുതല്‍ ഇടപഴകിയ ആറു പേരും ഇപ്പോഴും തൃശ്ശൂരില്‍ തന്നെയുണ്ട്. അതേസമയം യുവാവിനൊപ്പമുണ്ടായിരുന്ന 22 പേര്‍ക്കും പനിയുടെ ലക്ഷണമില്ല.
പനിയെ തുടര്‍ന്ന് യുവാവ് തൃശ്ശൂരില്‍ തന്നെയുള്ള രണ്ട് സ്വകാര്യ ആശുപത്രിയില്‍ യുവാവ് ആദ്യം ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ് യുവാവ് സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു പോയത്.
അതേസമയം രോഗം പ്രതിരോധിക്കാന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ടെന്നും ഡിഎംഒ വ്യക്തമാക്കി.
ഐസലേഷനു വേണ്ടിയുള്ള വാര്‍ഡ് മെഡിക്കല്‍ കേളേജിലും ജനറല്‍ ആശുപത്രിയിലും ഒരുക്കിയിട്ടുണ്ട്. കൂടാതെ രോഗികള്‍ക്ക് നല്‍കേണ്ട മരുന്നുകളും ആശുപത്രികളില്‍ സജ്ജീകരിച്ചതായി ഡിഎംഒ അറിയിച്ചു.
Post Your Comments