പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകള്‍ വര്‍ദ്ധിക്കവേ പുതിയ വെളിപ്പെടുത്തലുമായി ബന്ധു പ്രിയ വേണുഗോപാല്‍. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു ഇവര്‍. മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ മുഖവിലയ്‌ക്കെടുക്കാനോ അപകടത്തിന്റെയോ പരിക്കുകളുടെയോ സ്വഭാവം പരിശോധിക്കാനോ അന്വേഷണ സംഘം കൂട്ടാക്കിയില്ലെന്ന് പ്രിയ പറയുന്നു. സംഭവമുണ്ടായി എട്ടുമാസം പിന്നിട്ടിട്ടും വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ പോലും ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസിനോ പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനോ സാധിച്ചില്ല.
അപകടമറിഞ്ഞ് ആശുപത്രിയിലെത്തി അര്‍ജുനെ സന്ദര്‍ശിച്ച കുടുംബാംഗങ്ങളോട് താനാണ് വാഹനം ഓടിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു. ഉറങ്ങിപ്പോയതാണോയെന്ന ചോദ്യത്തിന് ഓടിച്ചതിന്റെ ക്ഷീണമുണ്ടായിരുന്നു. ഉറങ്ങിയതായി ഓര്‍ക്കുന്നില്ല ,ഞാന്‍ കാരണം എന്റെ ബാലുച്ചേട്ടന് ഇങ്ങനെ സംഭവിച്ചല്ലോ എന്ന് പരിതപിക്കുകയും ചെയ്തുവെന്നും പ്രിയ പറഞ്ഞു. സംഭവദിവസം അര്‍ജുന്റെയും ബാലുവിന്റെയുമുള്‍പ്പെടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്ന് പറഞ്ഞെങ്കിലും അതിനും അന്വേഷണ സംഘം ശ്രമിച്ചില്ല. ക്ഷേത്രദര്‍ശനത്തിന് പോയി അവിടെ റൂമെടുത്ത് തങ്ങിയിരുന്ന ബാലഭാസ്‌കര്‍ പെട്ടെന്ന് നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ ആസൂത്രിതമായ ആരുടെയെങ്കിലും നീക്കങ്ങളുണ്ടോയെന്ന് സംശയിക്കണം. സംഭവദിവസം അര്‍ജുന്റെയുള്‍പ്പെടെയുള്ള ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ പൊലീസ് കൂട്ടാക്കിയിട്ടില്ലെന്നും പ്രിയ ആരോപിക്കുന്നു.
Post Your Comments