കോഴിക്കോട്: മിശ്രവിവാഹത്തിന്റെ പേരിൽ ഊരുവിലക്കും ജാതിവിലക്കും, മിശ്ര വിവാഹം കഴിച്ചതിന് ഊരുവിലക്കും ജാതിവിലക്കും ഏർപ്പെടുത്തുന്നതായി ദമ്പതികളുടെ പരാതി. ഉത്തരേന്ത്യയിലല്ല, കോഴിക്കോട് ജില്ലയിലാണ് ശരത്തിനും ഭാര്യക്കും പരാതി നല്‍കേണ്ടി വന്നിരിക്കുന്നത്. യാദവ സമുദായ അംഗമാണ് ശരത്ത്. 2016 ലാണ് ശരത് സമുദായ നേതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് മറ്റൊരു സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. അന്ന് മുതൽ സ്വന്തം വീട്ടിൽ പോകുന്നതിനും വീട്ടുകാരെ കാണുന്നതിനും സമുദായം വിലക്കേർപ്പെടുത്തി.
കൂടാതെ തങ്ങളുടെ പേരിലുള്ള വിലക്ക് മാറ്റുന്നതിന് സമുദായ നേതാക്കൾ വൻ തുക പിഴ ഈടാക്കുന്നുവെന്നും കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായും കുടുംബങ്ങൾ പറയുന്നു. മറ്റ് സമുദായത്തിൽപ്പെട്ടവരെ വിവാഹം ചെയ്യുന്നവർക്ക് മാത്രമല്ല വിലക്ക്. ആചാരങ്ങൾ പിന്തുടരാതെ സ്വന്തം സമുദായത്തിൽപ്പെട്ടവരെ വിവാഹം ചെയ്താലും സമുദായ നേതൃത്വം ജാതി വിലക്ക് ഏർപ്പെടുത്തും. വിലക്കേർപ്പെടുത്തിയ കുടുംബങ്ങളുമായി സഹകരിക്കുന്നവരെ സമുദായ നേതാക്കൾ ഭീഷണിപ്പെടുത്തും.
നിരന്തരമായുള്ള ജാതി വിലക്ക് ഏർപ്പെടുത്തിയുള്ള മാനസിക പീഡനത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ചില കുടുംബങ്ങൾ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഒരുതരത്തിലുള്ള വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നാണ് യാദവ സമുദായ നേതാക്കളുടെ പ്രതികരണം.
Post Your Comments