ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിട്ട കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് മക്കള്‍ രാഷ്ട്രീയമാണ് ഇതിന് പ്രധാന കാരണമെന്നാണ്. തൊട്ടിലില്‍ നിന്ന് സിംഹാസനത്തിലേയ്ക്ക് വന്ന ഗാന്ധി കുടുംബത്തിലെ അംഗം രാഹുലിന് ഇത് പറയാന്‍ എന്ത് അര്‍ഹതയാണുള്ളത്. മക്കള്‍ രാഷ്ട്രീയം ഇതുവരെ പ്രോത്സാഹിപ്പിക്കപ്പെടുകയും ഇതിനെതിരെ ആരും വിരല്‍ ചൂണ്ടാതിരുന്നതിനാലും മാത്രം നേതാവായ രാഹുലാണ് ഇതിനെതിരെ സംസാരിച്ചതെന്നാണ് ശ്രദ്ധേയം.
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയോ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയോ – ലോക്സഭയില്‍ കോണ്‍ഗ്രസിനെ ആര് നയിക്കും എന്ന് ഇന്നത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമാകും. പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാലും രാഹുല്‍ ലോക്സഭ കക്ഷി നേതാവായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കോണ്‍ഗ്രസിന് 44 സീറ്റ് മാത്രമുണ്ടായിരുന്ന കഴിഞ്ഞ ലോക്സഭയില്‍ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ ഇരു നേതാക്കളും തയ്യാറായിരുന്നില്ല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആയിരുന്നു സഭയില്‍ കോണ്‍ഗ്രസിന്റെ നേതാവ്. ഇത്തവണ 52 എംപിമാരാണ് കോണ്‍ഗ്രസിന് ലോക്സഭയിലുള്ളത്. 543 അംഗ ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കാന്‍ ഒരു പാര്‍ട്ടിക്ക് 55 സീറ്റ് വേണം. നാല് സീറ്റുള്ള എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുന്നത് ഇതിന് സഹായിയ്ക്കും. രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. അങ്ങനെയായാല്‍ ശരദ് പവാര്‍ പ്രതിപക്ഷ നേതാവായേക്കും എന്ന സൂചനയുണ്ട്.
രാജ്യം ഭരിച്ചിരുന്ന പാര്‍ട്ടിക്ക് ശക്തനായ ഒരു പ്രതിപക്ഷ നേതാവു പോലുമില്ലെന്ന് പറയുന്നത് നാണക്കേടു തന്നെയാണ്. വിരലില്‍ എണ്ണാവുന്ന സീറ്റിലേക്ക് ചുരുങ്ങിയ കോണ്‍ഗ്രസിന് ലോക്‌സഭ പ്രതിപക്ഷ സ്ഥാനത്തിരിക്കാന്‍ പാര്‍ട്ടി പ്രസിഡന്റിനു പോലും താല്‍പര്യമില്ലാത്ത ഈ കാഴ്ച ആ പാര്‍ട്ടിയുടെ നാശമാണ് ചൂണ്ടിക്കാണിക്കുന്നത്. എവിടെ മക്കള്‍ രാഷ്ട്രീയം തഴച്ചുവളര്‍ന്നാലും അവിടെ ജനാധിപത്യ പ്രക്രിയ താറുമാറാകും. അതുതന്നെയാണ് ഇവിടെയും നമ്മള്‍ കണ്ടത്.
ജവഹര്‍ലാല്‍ നെഹ്‌റുവും മകള്‍ ഇന്ദിര ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരും പ്രധാനമന്ത്രിമാരുമായിരുന്നു. ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പിതാവ് മോത്തിലാല്‍ നെഹ്‌റുവും കോണ്‍ഗ്രസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തം അംഗരക്ഷകരാല്‍ കൊല്ലപ്പെട്ട ഇന്ദിരാഗാന്ധിയുടെ പിന്‍ഗാമിയായി രാജീവ് അവരോധിക്കപ്പെടുകയായിരുന്നു. ഇന്ദിരയുടെ മരണം സൃഷ്ടിച്ച സഹതാപതരംഗത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് രാജീവ് ഗാന്ധി അഞ്ചുവര്‍ഷം തികച്ചു രാജ്യം ഭരിച്ചത്. എന്നാല്‍, ബൊഫോഴ്സ് വ്യാപാരക്കരാറില്‍ രാജീവ്ഗാന്ധിയുടെ അടിതെറ്റി. കോഴ വിഹിതം രാജീവ് ഗാന്ധി കൈപ്പറ്റിയെന്ന ആരോപണം മാല്‍ഡ മുന്‍ രാജ കുടുംബാംഗമായ വിശ്വനാഥ് പ്രതാപ് സിംഗിനെ ഇന്ത്യയുടെ പ്രധാന മന്ത്രിയാക്കി. പിന്നീട് രാജീവ് ഗാന്ധി മന്ത്രിസഭയിലെ ധനമന്ത്രിയും പിന്നീട് പ്രതിരോധമന്ത്രിയുമായി വി.പി.സിംഗ്. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ ഇദ്ദേഹത്തെ മുന്‍ നിരയില്‍ നിര്‍ത്തി പ്രതിപക്ഷം കോണ്‍ഗ്രസിനെ പ്രതിരോധിച്ചു. ആ തന്ത്രത്തില്‍ കോണ്‍ഗ്രസ് നിലംപരിശായി.
ഇടതുപക്ഷ പാര്‍ട്ടികളും ഭാരതീയ ജനതാപാര്‍ട്ടിയും, ‘ദേശീയസഖ്യ’ത്തിന്റെ നേതാവായ വിശ്വനാഥ് പ്രതാപ് സിംഗിനെ പ്രധാനമന്ത്രിയാക്കി. രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവുമായി. വിപി സിംഗിനെ എങ്ങനേയും പുറത്തിറക്കണമെന്ന് മാത്രം ചിന്തിച്ചിരുന്ന കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികള്‍ ശക്തി പ്രാപിക്കുന്നത് തിരിച്ചറിയാതെ പോയി. അന്ന് എടുത്ത അത്തരം തീരുമാനങ്ങള്‍ മൂലം കോണ്‍ഗ്രസിന് പിന്നെ ഒരിക്കല്‍ പോലും ഉത്തര്‍പ്രദേശിലൊ ബീഹാറിലോ ഭരണത്തില്‍ തിരികെവരാന്‍ സാധിച്ചില്ല. ഇന്ത്യ ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്ന പ്രധാനപ്പെട്ട രണ്ടു സംസ്ഥാനങ്ങളില്‍ അങ്ങനെ കോണ്‍ഗ്രസ് പാര്‍ട്ടി വെറും ന്യൂനപക്ഷമായി മാറുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അടിത്തറകള്‍ ഓരോന്നായി ഇളകി തുടങ്ങിയിരുന്നു. രാജീവിന്റെ ഭാര്യ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും പിന്നീട് കോണ്‍ഗ്രസ് പ്രസിഡന്റുമാരായി. അതായത് നെഹ്‌റു–ഗാന്ധി കുടുംബത്തില്‍ നിന്ന് മാത്രം കോണ്‍ഗ്രസിന് ആറ് അധ്യക്ഷന്മാരാണുണ്ടായി. ഗാന്ധി കുടുംബം വെള്ളമൊഴിച്ച് നട്ടുവളര്‍ത്തിയെടുത്ത മക്കള്‍ രാഷ്ട്രീയമാണ് കോണ്‍ഗ്രസിനെ ഇന്നത്തെ നിലയിലെത്തിച്ചത്.
അമ്മയും മകനും സഹോദരിയും നയിക്കുന്ന പാര്‍ടിയുടെ ചുക്കാന്‍ പിടിച്ചുകൊണ്ടാണ് രാഹുല്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നില്‍ മക്കള്‍ രാഷ്ട്രീയമാണെന്ന് ആരോപിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ പലരുടെയും മക്കളെ മത്സരിപ്പിച്ചത് കോണ്‍ഗ്രസില്‍ മക്കള്‍ രാഷ്ട്രീയമാണെന്ന ആക്ഷേപം ശക്തമാകാന്‍ കാരണമായെന്നും ജനങ്ങള്‍ക്കിടയില്‍ അത്തരത്തിലുള്ള തോന്നലുണ്ടാക്കിയെന്നും രാഹുല്‍ പ്രവര്‍ത്തകസമിതിയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ട്, മുന്‍ ബി.ജെ.പി കേന്ദ്രമന്ത്രി ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്ര സിങ്, കോണ്‍ഗ്രസ് നേതാവ് സന്തോഷ് മോഹന്‍ ദേവിന്റെ മകള്‍ സുഷ്മിത ദേവ്, പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് എന്നിവരാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
എന്നാല്‍ മക്കള്‍ രാഷ്ട്രീയത്തിന് പുറമേ, സംഘടനാ സംവിധാനത്തിന്റെ കുറവ്, സഖ്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് സംഭവിച്ച പാളിച്ച, പാര്‍ട്ടിയിലെ അച്ചടക്കമില്ലായ്മ തുടങ്ങി നിരവധി കാരണങ്ങളും ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നിലുണ്ട്. രാഹുലും പ്രിയങ്കയും എല്ലാ അടവും പയറ്റിയിട്ടും അമേഠിയില്‍ രാഹുല്‍ നേരിട്ടത് ദയനീയ തോല്‍വിയാണ്. സംഘടനാ തലത്തില്‍ അടിമുടി അഴിച്ചുപണി നടത്തിയും നയപരമായ പാളിച്ചകള്‍ പരിഹരിച്ചും കോണ്‍ഗ്രസ് ഇനിയൊരു തിരിച്ചു വരവു നടത്തുമെന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വപ്‌നം മാത്രമായി മാറുമോയെന്നത് കാത്തിരുന്ന് കാണുക തന്നെ വേണം.
Post Your Comments