Kerala

ഹരിത കേരളം തുടർപ്രവർത്തനങ്ങളിലും മാലിന്യ സംസ്‌കരണത്തിലും ശ്രദ്ധവേണം – മന്ത്രി തോമസ് ഐസക്

ജലസംഗമത്തിന് സമാപനമായി

തിരുവനന്തപുരം : താഴെത്തട്ടിൽ കൈകോർത്തുള്ള ഹരിതകേരളം പ്രവർത്തനങ്ങൾ സുസ്ഥിരമായി തുടർന്നുപോകുന്നതാകണമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്.  ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മൂന്നുദിവസമായി ടാഗോർ തിയറ്ററിൽ നടന്നുവന്ന ‘ജലസംഗമ’ത്തിന്റെ പ്ലീനറി സെഷൻ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രദ്ധയോടെയുള്ള സെപ്‌റ്റേജ് മാലിന്യങ്ങളുടെ സംസ്‌കരണവും പ്രധാനപ്പെട്ടതാണ്.
ജലസംരക്ഷണം സംബന്ധിച്ച അവബോധം വളരാൻ ജലഗ്രാമസഭകൾ ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ജനകീയ ഇടപെടലാണ് ഹരിതകേരളം പ്രവർത്തനങ്ങൾ യാഥാർഥ്യമാകുന്നതിൽ മുഖ്യപങ്ക് വഹിച്ചത്. ഈ മുൻകൈ നിലനിർത്തുംവിധമാകണം മിഷന്റെ തുടർപ്രവർത്തനങ്ങളും പദ്ധതികളും.
വൻ ജനപങ്കാളിത്തമായിരുന്നു കേരളമുടനീളം ഇതുവരെ നടന്ന പ്രവർത്തനങ്ങളിൽ. കോർത്തിണക്കാൻ പറ്റുന്ന പദ്ധതികളും വകുപ്പുകളും ഒരുമിച്ചാണ് പരിപാടികൾ നടപ്പാക്കിയത്. നടപ്പാക്കിയവയുടെ വിജയകഥകൾ മാത്രമല്ല, ഭാവിയിൽ എങ്ങോട്ടുപോകണം എന്നതിന്റെ ചൂണ്ടുപലക കൂടി പല പദ്ധതികളിലുമുണ്ട്.

കുടുംബങ്ങളിൽ അവബോധമെത്തിക്കാൻ സ്‌കൂൾ കുട്ടികൾ നല്ല ഉപാധികളാണ്. ഹരിതകേരളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയുന്ന സർക്കാർ പദ്ധതികളും വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കണം. അതിനുമപ്പുറം സഹായം ആവശ്യമായി വന്നാൽ പരിഗണിക്കും. തുടർപദ്ധതികൾക്ക് കൃത്യമായ ചട്ടക്കൂടും പദ്ധതിയും വേണം. ഓരോ ജനപ്രതിനിധിയും ഓർത്തിരിക്കാൻ കഴിയുംവിധം ഒരു നീർച്ചാലെങ്കിലും നവീകരിക്കാൻ മുൻകൈയെടുക്കണം. പഞ്ചായത്തുകളുടെ പ്ലാനിൽ ഉൾപ്പെടുത്താൻ നടപടികൾ വേണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button