
തിരുവനന്തപുരം: പോളിറ്റ് ബ്യുറോ അംഗം എം എ ബേബി പാർട്ടിയ്ക്ക് നൽകിയ സംഭാവനകൾ സ്മരിച്ച് മുൻ ധന മന്ത്രി തോമസ് ഐസക്ക്. ജനകീയാസൂത്രണകാലത്ത് പാര്‍ട്ടി സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് മെമ്പര്‍ എന്ന നിലയില്‍ ബേബി കൂടുതല്‍ സമയവും ഡല്‍ഹിയിലായിരുന്നുവെന്നും എങ്കിലും ഉന്നത മാര്‍ഗ്ഗനിര്‍ദേശകസമിതി അംഗമായിരുന്നുവെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
1973-74 തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജ്, കൊല്ലം എസ്.എന്‍ കോളേജ്, എറണാകുളം മഹാരാജാസ്, തൃശൂര്‍ കേരളവര്‍മ്മ, പാലക്കാട് വിക്ടോറിയ, തലശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ എല്ലാം എസ്.എഫ്.ഐ ജയിച്ചു. അതൊരു വഴിത്തിരിവ് ആയി. അന്നു കൊല്ലം എസ്.എന്‍ കോളേജിനെ നയിച്ചിരുന്നത് സ. എം.എ. ബേബിയായിരുന്നു. അന്നേ ബേബി ഒരു വ്യത്യസ്ത പ്രകൃതക്കാരനാണ്. കലയിലും സാഹിത്യത്തിലും വലിയ കമ്പം. അതു പിന്നീട് കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. ഇന്ത്യ ആസകലമുളള വിശ്രുത കലാകാരന്‍മാരോട് ഇത്രയും വ്യക്തിബന്ധം പുലര്‍ത്തുന്ന മറ്റൊരു നേതാവുണ്ടാകില്ല.
ജനകീയാസൂത്രണത്തിലെ സ. ബേബിയുടെ സംഭാവന സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടാണ്. ജനകീയാസൂത്രണകാലത്ത് പാര്‍ട്ടി സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് മെമ്പര്‍ എന്ന നിലയില്‍ ബേബി കൂടുതല്‍ സമയവും ഡല്‍ഹിയിലായിരുന്നു. എങ്കിലും ഉന്നത മാര്‍ഗ്ഗനിര്‍ദേശകസമിതി അംഗമായിരുന്നു. കേരളത്തില്‍ വരുമ്പോഴെല്ലാം അതിന്റെ യോഗങ്ങളില്‍ മാത്രമല്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചടങ്ങുകളിലും സജീവ സാന്നിന്ധ്യം ആയിരുന്നു. ഒട്ടേറെ സാംസ്കാരിക പ്രതിഭകള്‍ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും പ്രാദേശിക പദ്ധതികളില്‍ സംസ്കാരത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല എന്ന പരാതിയുണ്ടായിരുന്നു.
ജനകീയാസൂത്രണത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് പുത്തന്‍ വികസന സംസ്കാരത്തിന്‍റെ സൃഷ്ടിയായിരുന്നു. വളരെയേറെ ഊന്നല്‍ നല്കിയ ഒരു കാര്യമായിരുന്നിത്. ഇ.എം.എസിന്‍റെ മത്തായി മാഞ്ഞൂരാന്‍ പ്രഭാഷണത്തോടെയാണ് ഈ ആദര്‍ശം ചര്‍ച്ചാ വിഷയമായി മാറിയത്. അതുകൊണ്ട് സാംസ്കാരികതല മാനം താഴെ തട്ടിലെ വികസന പരിപാടികളില്‍ ശക്തിപ്പെടുത്തേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് ഗൗരവപരമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സ. ബേബി മാനവീയം സാംസ്കാരിക പരിപാടിയുമായി രംഗപ്രവേശനം ചെയ്തത്. പിറ്റേവര്‍ഷം പുതിയ നൂറ്റാണ്ട് ആരംഭിക്കുകയാണ്. പുതിയ നുറ്റാണ്ടിനെ വരവേല്‍ക്കുന്നതിന് ഒരു സാംസ്കാരിക ഇളക്കം കേരളത്തില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പുതിയ നൂറ്റാണ്ടിന്‍റെ ഉദയം ഒരു നിമിത്തമാക്കി സാംസ്കാരിക മേഖലയിലെ അപചയങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുകയും പുതിയ ഒരു സംസ്കാരം സൃഷ്ടിക്കുകയും ചെയ്യാനുളള ഒരു പരിശ്രമമായിരുന്നു മാനവീയം സാംസ്കാരിക പരിപാടി.
മാനവീയം പരിപാടിക്ക് ജനകീയാസൂത്രണപ്രസ്ഥാനം പൂര്‍ണ്ണ പിന്‍തുണ നല്‍കുവാന്‍ തീരുമാനിച്ചു. ഉന്നതതല മാര്‍ഗ്ഗനിര്‍ദേശക സമിതിയുടെ എക്സിക്യൂട്ടീവ് ഇക്കാര്യം ചര്‍ച്ച ചെയ്തു. മാനവീയം സാംസ്കാരിക പരിപാടികള്‍ക്കുളള സജീവത തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നുണ്ടായി. എങ്കിലും സംസ്ഥാനവ്യാപകമായി ഒരു ഫ്ളാഗ്ഷിപ്പ് പ്രോഗ്രാം വേണമല്ലോ. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം കേരളത്തിലെ സ്ത്രീകളുടെ പദവി കേന്ദ്രവിഷയമാക്കാന്‍ തീരുമാനിച്ചു.
Read Also: സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു: വിവിധ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
കേരളത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസ-ആരോഗ്യ അവസ്ഥകള്‍ വളരെ മെച്ചപ്പെട്ടതാണ്. എന്നാല്‍ പുരുഷനെ അപേക്ഷിച്ച് സ്ത്രികളുടെ സ്ഥാനം അഥവാ പദവിയുടെ കാര്യമെടുത്താല്‍ കേരളം മറ്റേതു സംസ്ഥാനവും പോലെ വളരെ മോശമാണ്. ഈ സ്ഥിതി മാറ്റണം. അതിലൊരു വലിയ സാംസ്കാരിക ഇടപെടല്‍ വേണം. അങ്ങനെയാണ് മാനവീയം സ്ത്രീപദവി പഠന പരിപാടി ആവിഷ്കരിക്കപ്പെടുന്നത്. പ്രത്യേകം കൈപുസ്തകം തയാറാക്കി സംസ്ഥാന ജില്ലാതലങ്ങളില്‍ പരിശീലനങ്ങള്‍ നടന്നു. ഇതിനൊക്കെ ശേഷം സംസ്ഥാനതല ഉദ്ഘാടനം വലിയ രീതിയില്‍ സംഘടിപ്പിച്ചു.
ശബ്ന ആഷ്മി ആയിരുന്നു മുഖ്യ അതിഥി ഒരു ദിവസം മുഴുവന്‍ പ്രഭാഷങ്ങള്‍, പാട്ടുകള്‍, നൃത്തങ്ങള്‍, ചര്‍ച്ചകള്‍ ഇവയെല്ലാം നിറഞ്ഞു നിന്നു. ടാഗോര്‍ സെന്‍റിനറി ഹാള്‍ ആയിരുന്നു വേദി. ഇവിടെ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കായി ഒട്ടനവധി ചെറുവേദികള്‍ ഒരുക്കിയിരുന്നു. പദവി പഠനമാണ് ആദ്യമായി ചെയ്യേണ്ടത്. എന്നാല്‍ പദവി പഠനം പൂര്‍ത്തിയാക്കും മുന്‍പ് സംസ്ഥാന തെരഞ്ഞെടുപ്പ് വന്നും ഭരണമാറ്റത്തോടുകൂടി ക്യാമ്പയിനായി നടന്നുവന്ന നിലവിലുളള പദവിപഠന പരിപാടി ഇല്ലാതായി. എങ്കിലും കിലയുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും പഞ്ചായത്തുകളില്‍ പദവിപഠനം പൂര്‍ത്തിയാക്കുകയുണ്ടായി.
അങ്ങനെ പൂര്‍ത്തീകരിക്കപെടാതെ പോയ ജനകീയാസൂത്രണ സ്വപ്നങ്ങലിലൊന്ന് ഈ 25-ാം വര്‍ഷത്തില്‍ വീണ്ടും പൂവണിയുകയാണ്. ഞാന്‍ ഉദ്ദേശിക്കുന്നത് 25-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി ആരംഭിക്കുന്ന ക്രൈംമാപ്പിംഗ് പരിപാടിയാണ്. പഞ്ചായത്തിലെ സ്ത്രീകള്‍ നേരിടുന്ന നാനാവിധ അതിക്രമങ്ങള്‍ ആര്, എപ്പോള്‍, എവിടെ, ആരില്‍ നിന്നും നേരിടുന്നു എന്നത് സംബന്ധിച്ച് സമഗ്രമായ ഒരു ചിത്രം ഉണ്ടാക്കിയെടുക്കുകയാണ് ക്രൈംമാപ്പിംഗിലൂടെ ചെയ്യുന്നത്. ഇത് ആദ്യം ചെയ്ത പഞ്ചായത്ത് മാരാരിക്കുളം തെക്ക് പഞ്ചായത്താണ്. പിന്നീട് കിലയുടെ ആഭിമുഖ്യത്തില്‍ ഏതാനും പഞ്ചായത്തുകള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ തയാറാക്കി. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അതിക്രമങ്ങള്‍ കുറയ്ക്കുന്നതിന് വനിതാഘടക പദ്ധതിയെ ഉപയോഗപ്പെടുത്തുമ്പോഴാണ് പഠനം ഫലപ്രാപ്തിയില്‍ എത്തുന്നത്.
ഇപ്പോള്‍ മാനവീയം സാംസ്കാരിക പരിപാടിയില്‍ സ്ഥായിയായി നിലനില്‍ക്കുന്നത് തിരുവനന്തപുരത്തെ മാനവീയം തെരുവുകളാണ്. ഏതായാലും ജനകീയാസൂത്രണത്തിലെ 25-ാം വര്‍ഷം സ്ത്രീ പദവി പഠനം പുതിയ രൂപത്തിലും ഭാവത്തിലും പുനരാവിഷ്കരിക്കുന്നതില്‍ ബേബി സഖാവിന് അഭിമാനിക്കാം.
Post Your Comments