KeralaLatest News

പരാജയങ്ങള്‍ ഉള്‍കൊള്ളാന്‍ പുതുതലമുറയ്ക്ക് പ്രയാസം: മോഹന്‍ലാല്‍

കൊച്ചി: ജീവിതത്തില്‍ പരാജയങ്ങള്‍ ഉള്‍കൊള്ളാന്‍ പുതുതലമുറയ്ക്ക് പ്രയാസമാണെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. ചെറിയ പരാജയം പോലും പുതിയ തലമുറയെ നിരാശയിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് ഇന്നുള്ളത്. വിജയത്തോടൊപ്പം പരാജയവും നേരിടാന്‍ പുതുതലമുറ തയ്യാറായിരിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത നിരാശയായിരിക്കും ഫലമെന്നും മോഹന്‍ലാല്‍ പറഞ്ഞു. കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് കേരളയുടെ (സിസിഎസ്‌കെ) ഔദ്യോഗിക ഉദ്ഘാടനവും കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ റാങ്ക് ജേതാക്കളെ ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും തൃപ്പൂണിത്തുറ ജെടി പാക്കില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗണ്‍സിലിന്റെ ലോഗോ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു.

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായവും അധ്യാപനരീതിയും കാലാനുസൃതമായി മാറേണ്ടതുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച സിസിഎസ്‌കെ പ്രസിഡന്റും ചോയ്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ ജോസ് തോമസ് പറഞ്ഞു. പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങള്‍ക്കും പ്രധാന്യം നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിബിഎസ്ഇ സ്‌കൂളുകളുടെയും കേന്ദ്ര- സംസ്ഥാന സര്‍ക്കാറിന്റെയും ഇടയിലുള്ള ബന്ധം സുഗമമാക്കുന്നതിന് വേണ്ടി അടുത്തിടെ പ്രവര്‍ത്തനമാരംഭിച്ച കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് കേരളയില്‍ 550 ഓളം അംഗങ്ങളാണുള്ളത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും മാനേജ്‌മെന്റ് പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് കൗണ്‍സിലിലെ അംഗങ്ങള്‍.

സംസ്ഥാനതലത്തില്‍ റാങ്ക് നേടിയവരും ഓരോ ജില്ലകളില്‍ നിന്ന് ടോപ്പര്‍മാരുമായ വിദ്യാര്‍ത്ഥികളെയാണ് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി മോഹന്‍ലാല്‍ ചടങ്ങില്‍ ആദരിച്ചത്.

കൗണ്‍സില്‍ രക്ഷാധികാരിയും സിബിഎസ്ഇ ദേശീയ കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ഡോ. ഇന്ദിര രാജന്‍, സിസിഎസ്‌കെ വര്‍ക്കിംഗ് പ്രസിഡന്റ് ഇ. രാമന്‍കുട്ടി വാര്യര്‍, ജനറല്‍ സെക്രട്ടറി സുചിത്ര ഷൈജിന്ത് തുടങ്ങിയവര്‍ സംസാരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button