തിരുവനന്തപുരം•പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന തസ്തികകളിലെ നിയമനത്തില്‍നിന്നും വിദഗ്ധ സമിതിയെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ഗൂഡവും പ്രത്യേക താല്പര്യത്തോടെയുള്ളതുമാണെന്ന് വി.മുരളീധരന് എം.പി. ഇതിലൂടെ വീണ്ടും ബന്ധു നിയമനങ്ങള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും നിയമം നല്‍കാനായുള്ള നീക്കത്തിനു മുന്നോടിയായാണ് സര്‍ക്കാരിന്റെ ഉത്തരവ്.
പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇടതു സര്‍ക്കാരും സി.പി.എമ്മും അത് ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വരുമാനത്തിനുളള മാര്‍ഗമാക്കി മാറ്റി തകര്‍ച്ചയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. യാതൊരു യോഗ്യതകളുമില്ലാത്തവരെ മന്ത്രിമാരുടേയും പാര്‍ട്ടി നേതാക്കളുടേയും ബന്ധുത്വം പറഞ്ഞാണ് ഇത്തരം തസ്തികകളിലേക്ക് പ്രതിഷ്ഠിക്കുന്നത്. അല്ലെങ്കില്‍ പൊതു മേഖലസ്ഥാപനങ്ങളിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ക്ക് ദേശീയ തലത്തില്‍ അംഗീകാരമുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സമിതിയെ നിയോഗിച്ചത് റദ്ദാക്കിക്കൊണ്ട് ഇപ്പോള്‍ ഉത്തരവിറക്കേണ്ട കാര്യമില്ലായിരുന്നു.
ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍ അതാത് സ്ഥാപനങ്ങളിലെ ഡയറക്ടര്‍ബോര്‍ഡ് തീരുമാനമെടുത്താല്‍ മതിയെന്ന സര്‍ക്കാര്‍ നിലപാട് അഴിമതിയും സ്വജനപക്ഷപാതവും ലക്ഷ്യമിട്ടുകൊണ്ടുള്ളത് മാത്രമാണെന്നും മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments