KeralaLatest News

മരണം പതിയിരിക്കുന്ന വഴി; സുരക്ഷയൊരുക്കാതെ അധികൃതര്‍

പന്തളം: കൊല്ലം ജില്ലയിലെ എംസി റോഡില്‍ കുരമ്പാല ജംക്ഷന്‍ മുതല്‍ മെഡിക്കല്‍ മിഷന്‍ ജംക്ഷന്‍ വരെയുള്ള സ്ഥലങ്ങളില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. റോഡില്‍ മിക്കയിടങ്ങളിലും മരണം വല വിരിച്ചു കാത്തിരിക്കുകയാണ്. ഇവിടെ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് അധികൃതര്‍ തയ്യാറാകുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. രണ്ടു മാസത്തിനുള്ളില്‍ ചെറുതും വലുതുമായ 30 ലേറെ അപകടങ്ങളാണ് ഇവിടെ നടന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. മരണങ്ങളും സംഭവിച്ചിട്ടുണ്ട്. അമിത വേഗമാണ് മിക്ക അപകടങ്ങള്‍ക്കും പ്രധാന കാരണം.

ഡ്രൈവര്‍ ഉറങ്ങി പോയതിനാല്‍ വാഹനം നിയന്ത്രണം വിട്ടുണ്ടാകുന്ന അപകടങ്ങളും ഏറെയാണ്. റോഡ് അരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പോലും ഇടിച്ചു തകര്‍ത്താണ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റുകളുടെ യാത്ര. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുരമ്പാല പുത്തന്‍കാവില്‍ ദേവീ ക്ഷേത്ര കാണിക്കവഞ്ചിക്കു സമീപം പാര്‍ക്കു ചെയ്തിരുന്ന ഓട്ടോ സൂപ്പര്‍ഫാസ്റ്റ് ഇടിച്ചു തകര്‍ത്തിരുന്നു. എംഎം ജംക്ഷനും കുരമ്പാലയ്ക്കും മധ്യേയുള്ള ഇടയാടി ജംക്ഷനിലെ വളവിലാണ് അപകടങ്ങള്‍ ഏറെയും നടക്കുന്നത്. ഗവ. സ്‌കൂളിനു സമീപമുള്ള വളവിന്റെ ഇരുഭാഗവും റോഡ് നേര്‍രേഖ കണക്കെയായതിനാല്‍ വാഹനങ്ങള്‍ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇവിടെ റോഡ് അരികില്‍ത്തന്നെ 3 സ്‌കൂളുകളും 2 ആശുപത്രികളും ഒരു പെട്രോള്‍ പമ്പും പ്രവര്‍ത്തിക്കുന്നുണ്ട്. സ്‌കൂള്‍ തുറന്നാല്‍ ഈ ഭാഗത്ത് തിരക്കും ഏറും. എന്നാല്‍ അമിത വേഗം നിയന്ത്രിക്കുന്നതിനായി ഇവിടങ്ങളില്‍ ഹംപുകള്‍ സ്ഥാപിച്ചിട്ടില്ല. പലയിടങ്ങളിലും സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തന സജ്ജമല്ല.

സ്‌കൂളുകള്‍ക്കു സമീപം സ്ഥാപിച്ച സീബ്രാലൈനുകള്‍ മാഞ്ഞു പോയിട്ട് മാസങ്ങളേറെയായി. മുന്നറിയിപ്പു ബോര്‍ഡുകളും വാഹനമിടിച്ചും ചായം ഇളകിയും ഉപയോഗശൂന്യമാണ്. സ്ലാബുകള്‍ ഇളകിപ്പോയ ഓടകളും അപകടം വിളിച്ചു വരുത്തുന്നു. നിയന്ത്രണം വിട്ടു പായുന്ന വാഹനങ്ങളില്‍ അധികവും ഓടകളില്‍ വീണാണ് അപകടം സംഭവിക്കുന്നത്. പറന്തല്‍ ഭാഗത്തുള്ള നിരീക്ഷണ ക്യാമറിയില്‍ വാഹനം തട്ടി ഇത് അടുത്ത പുരയിടത്തിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. ഇത് പ്രവര്‍ത്തനസജ്ജമാക്കാന്‍ അധികൃതര്‍ ഇതുവരെയും തയ്യാറായിട്ടില്ലെവന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button