കോണ്‍ഗ്രസിനെ നയിക്കേണ്ടത് രാഹുല്‍ ഗാന്ധി തന്നെയായിരിക്കണമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. അധ്യക്ഷസ്ഥാനം രാജി വയ്ക്കരുതെന്നും അങ്ങനെ ചെയ്താല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്നും ലാലു പ്രസാദ് രാഹുലിനെ ഉപദേശിച്ചു.
ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയാല്‍ ഗാന്ധികുടുംബത്തിന്റെ കളിപ്പാവ എന്നായിരിക്കും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നതെന്നും എന്തിനാണ് രാഷ്ട്രീയ വൈരികള്‍ക്ക് രാഹുല്‍ അങ്ങിനെ ഒരു സാധ്യത നല്‍കുന്നതെന്നും ലാലു ചോദിച്ചു. രാജി വയ്ക്കുക എന്ന തീരുമാനത്തിലൂടെ കോണ്‍ഗ്രസും ബിജെപി ഒരുക്കുന്ന തന്ത്രത്തില്‍ വീണുവെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു.
മോദിയുടെ വിജയം കൂട്ടായ പരാജയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അംഗീകരിക്കുകയും എവിടെയാണ് തെറ്റിയതെന്ന് കണ്ടെത്തുകയും ചെയ്യണമെന്നും ലാലു ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമായിരുന്നു. പകരം ബിജെപിയെ പൊതുശത്രുവായി പ്രഖ്യാപിച്ച പ്രാദേശിക പാര്‍ട്ടികള്‍ തങ്ങളുടെ നേതാക്കളെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിച്ചെന്നും ലാലു പ്രസാദ് കുറ്റപ്പെടുത്തി.
കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ജെഡി പ്രസിഡന്റ്, റാഞ്ചിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ലാലു പ്രസാദ് ആകെ അസ്വസ്ഥനായിരുന്നെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
Post Your Comments