കൊല്ലം: സംസ്ഥാനത്ത് ദുര്‍മന്ത്രവാദത്തിന് ഒരു ഇര കൂടി. കൊല്ലം മുതിരപ്പറമ്പ് സ്വദേശിനിയായ പതിനാറുകാരി മരിച്ചത് ദുര്‍മന്ത്രവാദത്തിനിടെയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തിരുനെൽവേലി ആറ്റിൻകരയിലെ ഒരു ലോഡ്ജില്‍ കഴിഞ്ഞ മാസം പന്ത്രണ്ടാം തീയതിയാണ് പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അധ്യാപകരും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ ന്യുമോണിയയാണ് മരണ കാരണമെന്നു വ്യക്തമായി.
എന്നാല്‍ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ കുട്ടിക്ക് മതിയായ ആഹാരം ലഭിച്ചിരുന്നില്ലെന്നും ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. സംഭവത്തിൽ പെണ്‍കുട്ടിയുടെ പിതൃസഹോദരിമാരടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് നേരത്തെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയടക്കം രണ്ടു പേര്‍ പിടിയിലായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിന് വിധേയാക്കിയരുന്നുവെന്ന് കണ്ടെത്തിയത്. ഏഴുവര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ അമ്മ മരിച്ചു. അച്ഛന്‍ വിദേശത്തു ആയതിനാല്‍ പിതൃസഹോദരിമാര്‍ക്കൊപ്പമായിരുന്നു താമസം.
അമ്മയുടെ പ്രേതബാധ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രവേശിക്കാറുണ്ടെന്ന അന്ധവിശ്വാസമായിരുന്നു ബന്ധുക്കള്‍ക്ക്.മരിക്കുന്നതിന് അഞ്ചു ദിവസം മുന്‍പ് കടുത്ത പനിബാധിതയായ പെണ്‍കുട്ടിയുമായി കുടംബാംഗങ്ങള്‍ ബാധ ഒഴിപ്പിക്കാനുള്ള പ്രാര്‍ഥനയ്ക്കായി തമിഴ്നാട്ടിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് പോയി. ഇതിനിടെ രോഗം മൂര്‍ഛിച്ച് പതിനാറുകാരി മരിക്കുകയായിരുന്നു. കൊട്ടിയം സ്വദേശി ബായി ഉസ്താദ് എന്നു അറിയപ്പെടുന്ന നൗഷാദിനെയും പെണ്‍കുട്ടിയുടെ പിതൃ സഹോദരിമാരെയും അറസ്റ്റു ചെയ്തു.
Post Your Comments