KeralaLatest News

ധ്യാനത്തിനു പോയ മലയാളി യുവാവ് നാരായണ പര്‍വതത്തില്‍ മരിച്ച നിലയില്‍

കഴിഞ്ഞവര്‍ഷം ജൂണിലാണ് സൂരജ് അവസാനമായി അമ്പലപ്പുഴയിലുള്ള വീട്ടിലെത്തിയത്

അമ്പലപ്പുഴ: ഹിമാലയത്തില്‍ ധ്യാനത്തിനു പോയ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആത്മീയ യാത്രകള്‍ നടത്തിവന്ന അമ്പലപ്പുഴ സ്വദേശി സൂരജ് രാജീവ് (36) ന്റെ മൃതദേഹാവശിഷ്ടങ്ങളാണ് ബദരീനാഥ് ക്ഷേത്രത്തിന്റെ മുകളില്‍ നാരായണപര്‍വതത്തില്‍ നിന്നും കണ്ടെത്തിയത്. നാരായണപര്‍വതത്തിന് മുകളിലെ ഗുഹക്കരികില്‍നിന്ന് ഇദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങളും ജഢ, വള, വസ്ത്രം എന്നിവ കണ്ടെത്തുയായിരുന്നു. ഇതുസംബന്ധിച്ച് രണ്ടു ദിവസം മുമ്പാണ് ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന്് സൂരജിന്റെ അച്ഛന്‍ ബദരീനാഥിലെത്തി അന്ത്യ കര്‍മ്മങ്ങള്‍ നടത്തി.

കളമശ്ശേരി രാജഗിരി കോളേജില്‍ നിന്നും കംപ്യൂട്ടര്‍ എന്‍ജിനിയറിങ്ങിന് പഠിക്കവെ അമേരിക്കയിലെ ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചു. തുടര്‍ പഠനം ഇവിടെയായിരുന്നു. അമേരിക്കയില്‍ പഠിക്കുന്ന കാലത്താണ് ഓണ്‍ലൈനിലൂടെ സന്ന്യാസമേഖലയിലെ നിരവധി പേരുമായി ബന്ധം സ്ഥാപിക്കുന്നത്. പഠനശേഷം ആത്മീയവഴി തിരഞ്ഞെടുത്തു. പുണ്യസ്ഥലങ്ങളിലെല്ലാം യാത്ര ചെയ്തിട്ടുള്ള ഇദ്ദേഹം ഒടുവില്‍ ബദരീനാഥിലാണ് കേന്ദ്രീകരിച്ചത്.

കഴിഞ്ഞവര്‍ഷം ജൂണിലാണ് സൂരജ് അവസാനമായി അമ്പലപ്പുഴയിലുള്ള വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ച് ബദരീനാഥിലേക്ക് പോകുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. നവംബറില്‍ ബദരീനാഥ് ക്ഷേത്രത്തില്‍ നടയടച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും മലയിറങ്ങി. എന്നാല്‍, സൂരജ് നാരായണപര്‍വതത്തിലേക്ക് പോകുകയായിരുന്നു. ഈമാസം 10-ന് ബദരീനാഥില്‍ നട തുറന്നപ്പോള്‍ സൂരജിനെ കാണാതായതോടെ മറ്റുള്ളവര്‍ അന്വേഷിച്ചു. അങ്ങനെയാണ് നാരായണപര്‍വതത്തിന് മുകളിലായി ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

എക്സൈസ് വകുപ്പില്‍ റിട്ട. സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ആത്മീയപ്രവര്‍ത്തകനുമായ അമ്പലപ്പുഴ പടിഞ്ഞാറേനട കൃഷ്ണനിലയത്തില്‍ ടി.ആര്‍.രാജീവിന്റെയും അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തംഗവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ സുഷമാ രാജീവിന്റെയും മകനാണ് സൂരജ്. സഹോദരങ്ങള്‍ കിരണ്‍ രാജീവ്(കാനഡ), രോഷ്നി(കുവൈത്ത്).

shortlink

Related Articles

Post Your Comments

Related Articles


Back to top button