മുംബൈ: സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസിന്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ നരേഷ് ഗോയലിന്റെ വിദേശ യാത്ര കേന്ദ്രം തടഞ്ഞു. നരേഷ് ഗോയലിനേയും ഭാര്യ അനിത ഗോയലിനേയും മുംബൈ വിമാനത്താവളത്തില്‍ വച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് വിജയ് മല്യ, നീരവ് മോദി തുടങ്ങിയ ബിസിനസ് പ്രമുഖര്‍ വിദേശത്തേയ്ക്കു കടക്കുന്ന പ്രവണതയ്ക്ക് താക്കീതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. കോടികണക്കിന് തുക വായ്പ എടുത്ത് മല്യയും നീരവും വിദേശത്തേയ്ക്ക് രക്ഷപ്പെട്ടത് സര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയിരുന്നു.
നരേഷ് ഗോയലിന്റേയും ഭാര്യയുടേയും ദുബായിലേയ്ക്കുള്ള യാത്രയാണ് അധികൃതര്‍ തടഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയ്ക്ക് എമിറേറ്റ്സിന്റെ ഇ.കെ – 507 വിമാനത്തിലായിരുന്നു ഇവരുടെ യാത്ര നിശ്ചയിച്ചിരുന്നത്. വിമാനം പുറപ്പെടാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നരേഷിനേയും അനിതയേയും ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ നിന്നും ഇറക്കുകയായിരുന്നു.
ഐസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കിംഗ് കണ്‍സോര്‍ഷ്യത്തിന് 8,000 കോടിയോളം രൂപയുടെ വായ്പയാണ് ജെറ്റ് എയര്‍വേസ് തിരിച്ചടയ്ക്കാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങിയതോടെ, ജെറ്റ് എയര്‍വേസിന്റെ നിയന്ത്രണം ബാങ്കുകള്‍ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന്, നരേഷ് ഗോയലും അനിത ഗോയലും രാജിവച്ചു. ജെറ്റ് എയര്‍വേസിന്റെ ഡയറക്ടര്‍ ആയിരുന്നു അനിത.
Post Your Comments