പൊലീസിനെ സല്യൂട്ട് ചെയ്ത് നില്‍ക്കുന്ന എംപിയുടെ ഫോട്ടാ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പ്രോട്ടോക്കോള്‍ പ്രകാരം ഒരു പാര്‍ലമെന്റ് അംഗത്തിന് പൊലീസ് ഓഫീസര്‍മാര്‍ സല്യൂട്ട് നല്‍കുന്നത് പതിവാണ്. എന്നാല്‍ പൊലീസ് ഓഫീസര്‍മാരുടെ ആ ആദരത്തിന് തിരിച്ച് സല്യൂട്ട് നല്‍കുന്നവര്‍ കുറവായിരിക്കും. പക്ഷേ ആന്ധ്രാപ്രദേശിലെ ആനന്ദാപൂര്‍ ജില്ലയിലെ ഹിന്ദുപുരില്‍ നിന്നും എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ഗൊരാന്ദ്‌ല മാധവ് ഡിവൈഎസ്പിക്ക് തിരിച്ചും സല്യൂട്ട് നല്‍കിയ ചിത്രമാണ് പ്രചരിക്കുന്നത്. ഇതിന് പിന്നില്‍ രസകരമായ ഒരു കാരണമുണ്ട്. വന്ന വഴി എംപി മറന്നിട്ടില്ല എന്നതാണ് സത്യം. മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ മാധവ്, വൈ.എസ്.ആര്‍.സി.പി ടിക്കറ്റില്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
വോട്ടെണ്ണല്‍ ദിവസം വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പിച്ച് കൗണ്ടിങ് സ്റ്റേഷനില്‍ നിന്നിറങ്ങുമ്പോഴാണ് പൊലീസില്‍ തന്റെ മുന്‍ മേധാവികളില്‍ ഒരാളായ ഡി.വൈ.എസ്.പി മഹ്ബൂബ് ബാഷയെ കണ്ടത്. ഡി.വൈ.എസ്.പിയെ കണ്ടമാത്രയില്‍ തന്നെ മാധവ് ഒരു ഗംഭീര സല്ല്യൂട്ട് നല്‍കി. അമ്പരന്ന ഡി.വൈ.എസ്.പിയും കൊടുത്തു തികഞ്ഞ ആദരവോടെ തിരികെ സല്ലൂട്ട്. തെരഞ്ഞെടുപ്പ് മത്സരിക്കാനായി ഇക്കഴിഞ്ഞ ഡിസംബറിലാണ് മാധവ് സര്‍വീസില്‍ നിന്നും സ്വയം വിരമിക്കല്‍ നടത്തിയത്. ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് മാധവ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആദ്യം പൊലീസ് സേന മാധവിന്റെ രാജി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. തുടര്‍ന്ന് സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഇടപെട്ടാണ് മാധവ് മത്സരിക്കാനിറങ്ങിയത്.
Post Your Comments