ടോക്കിയോ: ഐക്യ രാഷ്‌ട്ര സംഘടനയുടെ സുരക്ഷാ കൗൺസിൽ പ്രമേയം മറികടന്ന് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തുകയാണെന്ന വിമർശനവുമായി അമേരിക്ക. ജപ്പാൻ തലസ്ഥാനമായ ടോക്കിയയോയിൽ വെച്ച് അമേരിക്കൻ ദേശിയ സുരക്ഷാ ഉപദേഷ്ടാവായ ജോൺ ബോൾട്ടണാണ് മാധ്യമ പ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ജപ്പാൻ സന്ദർശനത്തിന് മുന്നോടിയായി ടോക്കിയോയിൽ എത്തിയതായിരുന്നു ബോൾട്ടൻ.
ഈ മാസം 4 , 7 തിയ്യതികളിലായാണ് കൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതെന്നും ബോൾട്ടൻ പറഞ്ഞു. കൊറിയയുടെ മേലുള്ള അമേരിക്കൻ ഉപരോധം ഇത് കൊണ്ട് തന്നെ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആണവ നിരായുധീകരണത്തിൽ അമേരിക്ക സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാട് മാറ്റാതെ വിഷയത്തിൽ കൊറിയയുടെ ഭാഗത്ത് നിന്നും തുടർ ചർച്ചകൾ ഉണ്ടാവില്ലെന്ന് ഉത്തര കൊറിയൻ മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തതിന്റെ പിന്നാലെയാണ് അമേരിക്കയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.
നേരത്തെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ആണവനിരായുധീകരണം ചർച്ച ചെയ്യാൻ രണ്ടു തവണ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ധാരണയായിരുന്നില്ല.
Post Your Comments