തിരുവനന്തപുരം: ഇത്തവണയും കേരളത്തില്‍ താമര വിരിഞ്ഞില്ല.രാജ്യം മുഴുവന്‍ അലയടിച്ച മോദി തരംഗത്തിന് കേരളത്തില്‍ കാര്യമായ ചലനമൊന്നും ഉണ്ടാക്കാനായിട്ടുമില്ല. എങ്കിലും പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് ബിജെപി എംപിമാരുണ്ടാകും. നിലവില്‍ രാജ്യസഭാ അംഗങ്ങളായ വി മുരളീധരന്‍, സുരേഷ് ഗോപി, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ കാലാവധി ഇനിയും അവസാനിക്കാത്തതിനാല്‍ രാജ്യസഭയില്‍ തുടരാനാകും. വരുന്ന മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രിയുണ്ടാകുമെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നവരും ഏറെയാണ്.
ബിജെപി നേതാവ് വി. മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്. 2018 ഏപ്രില്‍ മൂന്നിന് രാജ്യസഭാ അംഗമായി സ്ഥാനമേറ്റ അദ്ദേഹത്തിന് 2024 ഏപ്രില്‍ രണ്ട് വരെ കാലാവധിയുണ്ട്. അതായത് രണ്ടാം മോദി സര്‍ക്കാറിന്റെ കാലാവധി കഴിയുന്ന 2024 വരെ വി. മുരളീധരന് എംപിയായി തുടരാം. ബിജെപി ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ചുമതലയാണ് വി. മുരളീധരന് നല്‍കിയിരിക്കുന്നത്.
താരമൂല്യവും നാടകീയ പ്രസ്താവനകളുമായി തൃശൂര്‍ കളിനിറഞ്ഞാടിയ സുരേഷ് ഗോപിയും പരാജയപ്പെട്ടെങ്കിലും പാര്‍ലമെന്റില്‍ തുടരും. രാജ്യസഭയില്‍ കലാരംഗത്ത് നിന്നുള്ള നോമിനേറ്റഡ് അംഗമായ അദ്ദേഹത്തിന് 2022 ഏപ്രില്‍ 24 വരെ കാലാവധിയുണ്ട്. തൃശൂരില്‍ രണ്ട് ലക്ഷം വോട്ടുകളുടെ വര്‍ധനവാണ് സുരേഷ് ഗോപി സ്ഥാനാത്ഥിയായതിലൂടെ ബിജെപിക്ക് അധികം ലഭിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ മോദി മന്ത്രിസഭയിലേക്ക് അപ്രതീക്ഷിതമായായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എന്‍ട്രി കിട്ടിയത്. കണ്ണന്താനത്തിനും 2022 വരെ കാലാവധിയുണ്ട്. 2017 സെപ്തംബര്‍ മൂന്നിന് കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ കണ്ണന്താനം നവംബര്‍ ഒന്‍പതിനാണ് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിയത്. 2022 ജൂലൈ നാല് വരെ അദ്ദേഹം എംപിയായി തുടരും.
Post Your Comments