കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ എം.കെ.രാഘവനെതിരെ ഒളിക്യാമറാ വിവാദം കേന്ദ്രീകരിച്ചുള്ള എല്‍ഡിഎഫ് പ്രചാരണം ഫലം കണ്ടില്ല. എല്‍ഡിഎഫിന്റെ പ്രാദേശിക യോഗങ്ങളിലും സോഷ്യല്‍ മീഡിയയിലും വിഷയം ചൂടുപിടിച്ചെങ്കിലും മണ്ഡലം രാഘവന് വന്‍ സ്വീകാര്യതയാണ് വോട്ടെടുപ്പിലൂടെ നല്‍കിയത്. ഹിന്ദി ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചതിന്റെ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിയ രാഘവനെതിരെ വീണുകിട്ടിയ ആയുധമാക്കുകയായിരുന്നു എല്‍ഡിഎഫ്. ചാനല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സംഭവത്തില്‍ അന്വേഷണം വേണമെന്നും രാഘവന്‍ കുറ്റക്കാരനാണെന്നുമുള്ള രീതിയില്‍ എല്‍ഡിഎഫ് രംഗത്തെത്തി.
എല്‍ഡിഎഫ് പ്രചാരണം ഈ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രീകരിക്കുകയായിരുന്നു. ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ രാഘവന്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞു. തന്നെ തേജോവധം ചെയ്യാനായി മനഃപൂര്‍വം കെട്ടിച്ചമച്ചതാണെന്നും ദൃശ്യങ്ങളില്‍ കൃത്രിമം നടത്തിയെന്നും പറഞ്ഞു. ഇതിനു പിന്നില്‍ സിപിഎം ജില്ലാ കമ്മിറ്റിയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. പൊലീസിന് കേസില്‍ നിര്‍ണായകമായ എന്തെങ്കിലും കണ്ടെത്താന്‍ സാധിക്കാത്തതും പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് സംഭവത്തില്‍ കേസെടുത്തതും ആരോപണത്തിന്റെ ബലം കുറയ്ക്കുകയാണ് ചെയ്തതെന്ന് വേണം രാഘവന് ലഭിച്ച 85000ത്തിലധികം ലഭിച്ച ഭൂരിപക്ഷം തെളിയിക്കുന്നത്.
Post Your Comments