ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 2014 ആവര്‍ത്തിച്ച് ബിജെപി. ഏഴ് ലോക്സഭാ സീറ്റുകളിലും ബിജെപി വന്‍ വിജയം കരസ്ഥമാക്കിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീണു. ആം ആദ്മിയുടെ കോട്ടയായാണ് ഡല്‍ഹി അറിയപ്പെടുന്നത് അതിനാല്‍ തന്നെ ആം ആദ്മിക്ക് ഡല്‍ഹിയില്‍ വന്‍ വിജയം നേടാനാകുമെന്ന പ്രതീക്ഷ വെച്ചു പുലര്‍ത്തിയിരുന്നു. ആം ആദ്മിയുടെ ഡല്‍ഹിയിലെ പരാജയം പാര്‍ട്ടിയുടെ ഏറ്റവും വലിയ പരാജയമായി തന്നെയാണ് കണക്കാക്കപ്പെടുന്നത്. പല മണ്ഡലങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസിനും പിന്നിലെത്തി മൂന്നാം സ്ഥാനത്തേക്ക് പതിക്കുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍ കണ്ടത്.
ഏഴു മണ്ഡലങ്ങളിലും ബിജെപി 50 ശതമാനത്തിലധികം വോട്ടുകള്‍ നേടിയിട്ടുണ്ട്. കോണ്‍ഗ്രസ് 2014 നെ അപേക്ഷിച്ച് നിലമെച്ചപ്പെടുത്തിയെങ്കിലും ഒരു മണ്ഡലങ്ങളിലും 30 ശതമാനം പോലും വോട്ടു നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. ആം ആദ്മിക്കും കോണ്‍ഗ്രസിനും കൂടി ലഭിച്ച വോട്ടിനേക്കാള്‍ കൂടുതലാണ് ബിജെപി ഒറ്റയ്ക്ക് നേടിയതെന്നതും ഏറെ ശ്രദ്ധേയമാണ്.
കോണ്‍ഗ്രസ് ഡല്‍ഹിയില്‍ 22.4 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് 18.4 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 46.4 ശതമാനം വോട്ടുകളാണ് നേടിയതെങ്കില്‍ അത്തവണ 56 ശതമാനം വോട്ടുകള്‍ നേടാന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചു.
Post Your Comments