Latest NewsKerala

പ്രളയം പ്രചരണവിഷയമാക്കി; ചാലക്കുടിയില്‍ ഇടത് പക്ഷത്തിന് കനത്ത തിരിച്ചടി

ചാലക്കുടി: സംസ്ഥാനത്തെ യുഡിഎഫ് തരംഗം ഇടതുപക്ഷത്തിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. പ്രചരണത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും പ്രളയം പ്രചാരണ വിഷയമായതുമാണ് ചാലക്കുടിയില്‍ ഇടതുപക്ഷത്തിനെ പൊടിപോലുമില്ലാതെ തോല്‍പ്പിച്ചത്. രണ്ടാം വട്ടവും ഇന്നസെന്റിനെ ഇറക്കി മണ്ഡലം നിലനിര്‍ത്താനുള്ള എല്‍ഡിഎഫ് ശ്രമത്തിനാണ് അടിയേറ്റത്. എല്‍ഡിഎഫ് സ്വതന്ത്രനില്‍ നിന്ന് ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഇന്നസെന്റിനെ ഒന്നേകാള്‍ ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മലര്‍ത്തിയടിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ വിജയം ഉറപ്പിച്ചത്.

ചാലക്കുടിയിലെ ഇടത് കോട്ടകളില്‍ പോലും യുഡിഎഫ് ഇക്കുറി ശക്തമായിരുന്നു. യുഡിഎഫ് അനുകൂല മണ്ഡലമെന്ന് പറയുമ്പോഴും പ്രചാരണസമയത്ത് ശക്തമായ പോരാട്ടമാണ് ബെന്നി ബെഹനാനും ഇന്നസെന്റും തമ്മില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം 13,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇന്നസെന്റ് പിടിച്ചെടുത്ത മണ്ഡലത്തില്‍ 1,32,274 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനായത് യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയിലും ബെന്നി ബെഹനാന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഇടത് മണ്ഡലമായ കൊടുങ്ങല്ലൂരും,കയ്പമംഗലത്തും,ചാലക്കുടിയിലും അപ്രതീക്ഷിതമായി ലഭിച്ച മുന്നേറ്റമാണ് യുഡിഎഫിനെ വലിയ വിജയത്തിലേക്കെത്തിച്ചത്. കഴിഞ്ഞ തവണ ഇന്നസെന്റിന് അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ ചാലക്കുടിയില്‍ ഇക്കുറി ഇന്നസെന്റ് 20,000 അധികം വോട്ടിന് പിന്നില്‍ പോയി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാഴ്ച സമയം പ്രചാരണത്തില്‍ നിന്ന് ബെന്നി ബെഹനാന്‍ മാറി നിന്നതും യുഡിഎഫ് മുന്നേറ്റത്തിന് തടസ്സമായില്ല. ശബരിമല പ്രചാരണവിഷയമാക്കിയിട്ടും ഒരു മണ്ഡലത്തിലും ബിജെപിക്ക് 30,000 ന് അടുത്ത് പോലും വോട്ട് നേടാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button