കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ ജന്മദിനമായിരുന്നു ഇന്നലെ. മലയാളികള്‍ എല്ലാവരും ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും വ്യത്യസ്തമായ പരിപാടികള്‍ അവതരിപ്പിച്ചും ആ പിറന്നാള്‍ ദിനം ആഘോഷമാക്കിയപ്പോള്‍ മോഹന്‍ലാലിന്റെ 333 സിനിമകളിലെ വ്യത്യസ്ത വേഷങ്ങളെ വേറിട്ട രീതിയില്‍ വരച്ചാണ് ഡോ. നിഖില്‍ വര്‍ണ അദ്ദേഹത്തിന് പിറന്നാള്‍ സമ്മാനമൊരുക്കിയത്. ഡോ. നിഖില്‍ വര്‍ണയുടെ 333 ജൂട്ട് മെഹന്തി ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ ആരംഭിച്ചത്. ചിത്രപ്രദര്‍ശനം 25നു സമാപിക്കും. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ലൂസിഫര്‍ വരെയുള്ള സിനിമകളിലെ രംഗങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രങ്ങള്‍. മോഹന്‍ലാലിനു പിറന്നാള്‍സമ്മാനമായാണ് ഇന്നലെ പിറന്നാള്‍ ദിനത്തില്‍ പ്രദര്‍ശനം ആരംഭിച്ചതെന്നു നിഖില്‍ പറഞ്ഞു.
ചിത്രകല കണ്ണുള്ളവനു മാത്രം ആസ്വദിക്കാവുന്ന സങ്കല്‍പത്തില്‍നിന്നുമാറിയാണ് നിഖിലിന്റെ ചിത്രങ്ങള്‍ ഓരോന്നുമുള്ളത്. വിരലുകള്‍ കണ്ണുകളായി മാറുന്ന പുതിയ ചിത്രഭാഷയായി സ്പര്‍ശനത്തിനു സാധ്യത നല്‍കിയാണ് നിഖില്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. നിഖിലിന്റെ നാലാമത്തെ ചിത്രപ്രദര്‍ശനമാണിത്. കഴിഞ്ഞ 8 വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ഇത്തരമൊരു പ്രദര്‍ശനം നടത്താനായതെന്ന് നിഖില്‍ പറയുന്നു.
മോഹന്‍ ലാല്‍ ചിത്രങ്ങളുടെ വര്‍ഷങ്ങള്‍ക്ക് അനുസരിച്ചാണു ഓരോ ചിത്രവും ക്രമീകരിച്ചിരിക്കുന്നത്. ഈ പ്രദര്‍ശനത്തോടൊപ്പം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കു പണം സ്വരൂപിക്കുകയെന്ന ലക്ഷ്യവുമുണ്ടെന്നു തൃശൂര്‍ സ്വദേശിയായ നിഖില്‍ വര്‍ണ പറഞ്ഞു.
Post Your Comments