കുവൈത്ത് സിറ്റി : കുവൈത്തില്‍ ഗതാഗത നിയമലംഘനത്തിന് വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കുറ്റക്കാരില്‍ നിന്ന് പിഴ ഈടാക്കുക മാത്രമാണ് ചെയ്യുക. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത കാര്യ അണ്ടര്‍ സെക്രട്ടറിയുടേതാണ് നിര്‍ദേശം. വാഹനങ്ങള്‍ സൂക്ഷിക്കുന്ന ആഭ്യന്തര മന്ത്രാലയം ഗാരേജില്‍ സ്ഥലമില്ലാത്തതിനാലാണ് താല്കാകാലികമായി വാഹനം പിടിച്ചെടുക്കല്‍ നിര്‍ത്തിയതെന്നാണ് സൂചന.
ആഭ്യന്തരമന്ത്രാലയം വെബ്സൈറ്റ് വഴി പുതിയ ഇലട്രോണിക് സംവിധാനം നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് വാഹനം പിടിച്ചെടുക്കല്‍ നിര്‍ത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങള്‍ എവിടെയാണ് സൂക്ഷിച്ചതെന്നു ഓണ്‍ലൈന്‍ വഴി മനസ്സിലാക്കാന്‍ പുതിയ മെക്കാനിസം നടപ്പാക്കാനാണ് ഗാതാഗത വകുപ്പിന്റെ പദ്ധതി.
പോലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ വാഹനം എവിടെയാണ് പിടി കൂടി സൂക്ഷിച്ചതെന്നും വാഹനവുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ എന്തൊക്കെയാണെന്നും അറിയാന്‍ സാധിക്കുന്നതാണ് പുതിയ സംവിധാനം. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഗാതാഗത നിയമലംഘനങ്ങള്‍ക്കു വാഹനം പിടിച്ചെടുക്കേണ്ടതില്ലെന്നും പകരം പിഴ ഈടാക്കിയാല്‍ മതിയെന്നുമാണ് ട്രാഫിക് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ് നിര്‍ദേശിച്ചത്.
Post Your Comments