വേഗതയുടെ കാര്യത്തില്‍ ഗിന്നസില്‍ കയറിയിരിക്കുകയാണ് ഒരു ഓട്ടോറിക്ഷ. മണിക്കൂറില്‍ 119.583 കിലോമീറ്ററാണ് ഇതിന്റെ വേഗത. ബ്രിട്ടനിലെ എസെക്സിലെ ലിവിങ്ടൺ എയർഫീൽഡിലായിരുന്നു ഗിന്നസില്‍ കയറിയ ഈ കേമന്‍ ഓട്ടോയുടെ പ്രകടനം. ലോകത്തിലെ ഏറ്റവും വേഗത്തിലോടുന്ന ഓട്ടോറിക്ഷ എന്ന റെക്കോർഡാണ് ഈ വാഹനം സ്വന്തമാക്കിയത്.മാറ്റ് എവറാഡ് എന്ന ബ്രിട്ടീഷ് വ്യവസായിയാണ് ഓട്ടോ ഓടിച്ച് ഗിന്നസില്‍ ഇടം നേടിയത്.
പുറകില്‍ ഒരു യാത്രക്കാരനെ കൂടി ഇരുത്തിയാണ് മാറ്റ് 119 കിലോമീറ്റർ വേഗത്തിൽ ഓട്ടോറിക്ഷ ഓടിച്ചത്. റസ്സല്‍ ഷിയര്‍മാന്‍ എന്നയാളായിരുന്നു യാത്രികന്‍. 110 കിലോമീറ്റർ വേഗമായിരുന്നു ലക്ഷ്യമെന്നും 119.583 എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നുമാണ് മാറ്റ് വ്യക്തമാക്കിയത്.
നേരമ്പോക്കിനാണ് അഞ്ച് മാസം മുമ്പ് 3000 പൗണ്ട് മുടക്കി ഈ ഓട്ടോറിക്ഷ സ്വന്തമാക്കിയതെന്നാണ് മാറ്റ് പറയുന്നത്. പിന്നീട് വാഹനത്തിന്‍റെ 350 സിസി എൻജിന്‍ മാറ്റി പകരം ദെയ്ഹാറ്റ്സുവിന്റെ 1300 സിസി എഫ്ഐ എൻജിൻ ഘടിപ്പിച്ചു. ഏകദേശം 20,000 യൂറോയാണ് (18 ലക്ഷത്തോളം രൂപ) ഇതിന് ചിലവായി.
ഓട്ടോയുടെ പുറകില്‍ യാത്രക്കാരെ വച്ച് കൊണ്ട് നടത്തുന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ശ്രമത്തില്‍ 109.43 കിലോമീറ്ററായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഇതാണ് മാറ്റ് മറികടന്നത്.
Post Your Comments