വാറങ്കൽ: നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. ഓട്ടോ ഡ്രൈവറായ ബട്ടു ശ്രീനിവാസ, രാജസ്ഥാനിലെ ജയ്പൂർ സ്വദേശികളായ ജബോതു കുരേരി (25), നിതിൻ മണ്ഡല് (12), അർജുൻ മണ്ഡല് (20), സുരേഷ് കുരേരി (30), രൂപ്ചന്ദ് ദാമിൻ (35) എന്നിവരാണ് മരിച്ചത്. മരിച്ച ആറുപേരും ഓട്ടോ യാത്രക്കാരാണ്.
Read Also : ഓണക്കിറ്റ് വിതരണം എന്നുമുതൽ? കിറ്റിലെ ഇനങ്ങൾ എന്തൊക്കെ? പഞ്ചസാരയും ഏലയ്ക്കയും പുറത്ത്
തെലങ്കാന വാറങ്കൽ-ഖമ്മം ദേശീയ പാതയിലാണ് അപകടം നടന്നത്. മഹബൂബാബാദ് ജില്ലയിലെ തോറൂറിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. വാറങ്കലിലെ ലേബർ കോളനിയിലെ താമസക്കാരായ ഇവർ വനത്തിൽ നിന്ന് തേൻ ശേഖരിച്ച് വിൽപന നടത്തിവരികയായിരുന്നു. ഇവരുടെ സഹയാത്രികൻ അമീർ ദാമിനെ (18) പരിക്കുകളോടെ ഹനംകൊണ്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് വാറങ്കൽ പൊലീസ് പറഞ്ഞു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സ്ഥലം സന്ദർശിച്ച വാറങ്കൽ പൊലീസ് കമ്മീഷണർ എ.വി.രംഗനാഥ് എ.സി.പി സുരേഷിനും സംഘത്തിനും നിർദേശം നൽകി. സ്ഥിരം അപകട മേഖലയായ ഇവിടെ സ്പീഡ് ബ്രെയ്ക്കറുൾപ്പെടെയുള്ള ട്രാഫിക് സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Post Your Comments