കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ദിലീപ് നേരത്തേ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യംസംഗിള്‍ബഞ്ച് തള്ളുകയായിരുന്നു. ഇതിനെതിരായ അപ്പീല്‍ ഹര്‍ജിയാണ് ഇപ്പോള്‍ ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നത്.
കേസില്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ച് കേസ് സിബിഐക്ക് കൈമാറണമെന്നാണ് ആവശ്യം. വിചാരണ നടപടികള്‍ നിലവില്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേര്‍ത്തതെന്നും, സത്യം തെളിയിക്കാന്‍ കേന്ദ്ര ഏജന്‍സി വേണമെന്നുമാണ് കേസിലെ എട്ടാംപ്രതിയായ ദിലീപിന്റെ ആവശ്യം.
പൊലീസ് നടത്തിയ അന്വേഷണം ദുരുദ്ദേശ്യപരവും പക്ഷപാതപരവുമാണ് എന്നായിരുന്നു ദിലീപ് കോടതിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഹര്‍ജിക്കാരന്റെ ഈ വാദത്തിനു ബലമേകുന്ന വസ്തുതകളില്ലെന്നും സിബിഐയ്‌ക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ അന്വേഷണം കൈമാറാന്‍ തക്ക കാരണങ്ങള്‍ സ്ഥാപിക്കാനാവുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.
ദിലീപ് സിബിഐ അന്വേഷണ ഹര്‍ജി നല്‍കിയിട്ടുള്ളതു വിചാരണ വൈകിപ്പിക്കാനാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചിരുന്നു. സത്യസന്ധവും നിയമപരവുമായ അന്വേഷണമാണു നടത്തിയതെന്നും അന്വേഷണത്തില്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയ കേസാണിതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്.
Post Your Comments