കോട്ടയം : കെവിന്‍ വധക്കേസില്‍ കോടതിയില്‍ മൊഴി മാറ്റണമെന്ന ആവശ്യം നിരസിച്ച സാക്ഷിയെ മര്‍ദിച്ചെന്ന പരാതിയില്‍ 2 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. 37ാം സാക്ഷി പുനലൂര്‍ ലക്ഷ്മി വിലാസത്തില്‍ രാജേഷാണു മര്‍ദനമേറ്റതായി മൊഴി നല്‍കിയത്. 6ാം പ്രതി മനു മുരളീധരന്‍, 13ാം പ്രതി ഷിനു നാസര്‍ എന്നിവര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതായാണു മൊഴി. ഇതോടെ ഇരുപ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി. തുടര്‍ന്ന് ഇവരെ റിമാന്‍ഡ് ചെയ്തു.
കേസിലെ 11ാം പ്രതി ഫസല്‍ ഷെരീഫിന്റെ സുഹൃത്താണു രാജേഷ്. കോടതിയില്‍ സാക്ഷി പറയുന്നതിനു ഞായറാഴ്ച രാത്രി കോട്ടയത്തേക്കു പുറപ്പെട്ടതായിരുന്നു രാജേഷ്. പുനലൂര്‍ ശ്രീ രാമവര്‍മപുരം മാര്‍ക്കറ്റ് ജംക് ഷനില്‍ മനു മുരളീധരനും ഷിനു നാസറും കൂടെ മറ്റു രണ്ടു പേരും എത്തി. പ്രതികള്‍ക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നിരസിച്ചതോടെ പ്രതികളും കൂടെ വന്നവരും ചേര്‍ന്നു മര്‍ദിച്ചതായി രാജേഷ് പറഞ്ഞു. ഇവരുടെ ജാമ്യം റദ്ദാക്കണമെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഉച്ചയ്ക്കു ശേഷം പ്രത്യേകമായി ചേര്‍ന്ന കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ ഉത്തരവിടുകയായിരുന്നു. സാക്ഷിയെ മര്‍ദിച്ച കേസു കൂടി ഇരുവര്‍ക്കുമെതിരെ പൊലീസ് ചുമത്തും.
സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്നതു പൂര്‍ണമായ വിചാരണ നടത്തുന്നതിനു തടസ്സം സൃഷ്ടിക്കും. പ്രതികള്‍ ജാമ്യം ദുരുപയോഗം ചെയ്തു. ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്ന സാഹചര്യമുണ്ടായി. ഇതിനാലാണു ജാമ്യം റദ്ദാക്കുന്നത് കോടതി ഉത്തരവില്‍ വ്യക്തമാക്കി. കേസിലുള്ള 14 പ്രതികളില്‍ 7 പ്രതികള്‍ അറസ്റ്റിലായതു മുതല്‍ റിമാന്‍ഡിലാണ്. ഇവരുടെ ജാമ്യ ഹര്‍ജി സുപ്രിംകോടതിയില്‍ കോടതിയില്‍ വരെ എത്തിയിരുന്നു. കെവിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ അന്നത്തെ കോട്ടയം തഹസില്‍ദാര്‍ ബി. അശോക് കുമാറും ഇന്നലെ കോടതിയില്‍ മൊഴി നല്‍കാനെത്തി.
സംഭവത്തില്‍ പ്രതികളുടെ സഹായികളായ പുനലൂര്‍ തൊളിക്കോട് കാഞ്ഞിരംവിള വീട്ടില്‍ റോബിന്‍ (29),പിറവന്തൂര്‍ കറവൂര്‍ ഷഫീക് ഭവനില്‍ ഷാജഹാന്‍ (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പുനലൂര്‍ മജിസ്‌ട്രേട്ട് കോടതി മൂന്ന് റിമാന്‍ഡ് ചെയ്തു. കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടു വന്നതായി പ്രതികളിലൊരാള്‍ പറഞ്ഞെന്നു രാജേഷ് കോടതിയില്‍ മൊഴി നല്‍കി. പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു, ഷെഫിന്‍, ഫസല്‍ എന്നിവരെ രാജേഷ് തിരിച്ചറിയുകയും ചെയ്തു.
Post Your Comments