Latest NewsIndia

ഗോഡേസെ പരാമര്‍ശം; കമല്‍ ഹാസനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് ഇങ്ങനെ

ചെന്നൈ: ഗോഡ്‌സെ പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസന് മദ്രാസ് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം. കമല്‍ ഹാസനെ ഈ കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യരുതെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ‘സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്‌സെയാണെ’ന്നായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം.

ഇത് ആളുകളെ ഭിന്നിപ്പിക്കുന്ന പരാമര്‍ശമാണെന്ന് കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ കമല്‍ഹാസനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹര്‍ജി നല്‍കിയിരുന്നു. പ്രസ്താവന പിന്‍വലിക്കില്ലെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കമല്‍ഹാസന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

പ്രസ്താവനക്ക് പിന്നാലെ കമല്‍ഹാസനെതിരെ രണ്ട് തവണ ആക്രമണമുണ്ടായിരുന്നു. അറവാക്കുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കമല്‍ ഹാസന് നേരെ ഒരു വിഭാഗം ആളുകള്‍ ചീമുട്ടയും കല്ലും എറിഞ്ഞു. ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ് കമല്‍ ഹാസനെ ആക്രമിച്ചത്. നേരെത്തെ മധുരയിലെ തിരുപ്പറന്‍കുന്‍ഡ്രത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമലിന് നേരെ ബിജെപി ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ചെരിപ്പെറിഞ്ഞിരുന്നു.

ഗോഡ്‌സെയെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചതിനെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തമിഴ്‌നാട് മന്ത്രി കെ ടി രാജേന്ദ്രബാലാജിയാകട്ടെ കമല്‍ഹാസന്റെ നാക്ക് വെട്ടിമാറ്റണമെന്നാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. മതങ്ങളുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിനാണ് കമല്‍ഹാസന്‍ ശ്രമിച്ചതെന്നാണ് ബിജെപി ആരോപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button