തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയില്‍ നിന്നും സ്വര്‍ണം വാങ്ങുന്നയാളെ തിരിച്ചറിഞ്ഞു. കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയിരുന്നത് പ്രമുഖ ജ്വല്ലറി ഉടമയാണെന്നാണ് വിവരം. തിരുവനന്തപുരത്തെ ജ്വല്ലറി ഉടമ ഹക്കീമാണ് കള്ളക്കടത്ത് സ്വര്‍ണം വാങ്ങുന്നതെന്നാണ് റവന്യു ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. അതേസമയം ഒളിവിലുള്ള കേസിലെ മുഖ്യപ്രതിയായ അഭിഭാഷകന്‍ ബിജുവിന് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
തിരുവനന്തപുരത്ത് എട്ട് കോടിയുടെ സ്വര്‍ണം കടത്തിയ കേസില്‍ ഇടനിലക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹക്കീമിനെ കുറിച്ച് വിവരം ലഭിച്ചത്.
തിരുവനന്തപുരത്തെ ജ്വല്ലറി ഉടമയാണ് ഹക്കീം. മലപ്പുറം സ്വദേശിയായ ഹക്കീം ഒളിവിലാണെന്നാണ് ഡി.ആര്‍.ഐ പറയുന്നത്. ഇയാള്‍ സംസ്ഥാനം വിട്ടുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ബിജുവിനേയും ഹക്കീമിനെയും കണ്ടെത്താന്‍ പൊലീസിന്റെ സഹായവും ഡി.ആര്‍.ഐ തേടിയിട്ടുണ്ട്. കേസില്‍ സംശയിക്കപ്പെടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ഡിആര്‍ഐ പുറത്തുവിട്ടിട്ടില്ല. കേസില്‍ പ്രതികളായ സെറീനയും സുനിലും റിമാന്റില്‍ തുടരുകയാണ്.
Post Your Comments