ന്യൂഡല്‍ഹി: ഇത്തവണ നടന്ന ഐപിഎല്ലിന്റെ ഫൈനൽ വിവാദത്തിലേക്ക്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഹൈദരാബാദില്‍ നടന്ന ഫൈനല്‍ ഒത്തുകളിയായിരുന്നോ എന്ന സംശയമാണ് ആരാധകർക്ക്. ഇതിന്റെ കാരണങ്ങളും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. പാഴാക്കിയ നിസാര ക്യാച്ചുകള്‍, ധോണിയുടെ റണ്ണൗട്ട്, നിര്‍ണായക സമയത്തെ വാട്സന്റെ റണ്ണൗട്ട്, അവസാന പന്തിലെ ശാര്‍ദുല്‍ താക്കൂറിന്റെ പിഴവ് തുടങ്ങിയവയെല്ലാമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്ണിന് മറികടന്നാണ് മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കിയത്. ഫീല്‍ഡില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ടീമുകളായിരുന്നിട്ടുകൂടി ഫൈനലില്‍ നിര്‍ണായകമായ ക്യാച്ചുകളാണ് ഇരു ടീമിലെയും താരങ്ങള്‍ കൈവിട്ടത്. സീസണില്‍ ബാറ്റുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ച ധോണി ഫൈനലില്‍ എട്ടു പന്തില്‍ നിന്ന് വെറും രണ്ടു റണ്‍സ് മാത്രമെടുത്ത് പുറത്തായതും സംശയത്തിന് കാരണമായി. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 13-ാം ഓവറില്‍ ലസിത് മലിംഗയുടെ ഓവര്‍ത്രോയില്‍ രണ്ടാം റണ്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഇഷാന്‍ കിഷന്റെ നേരിട്ടുള്ള ത്രോയിലാണ് ധോനി റണ്ണൗട്ടാകുന്നത്. ഇതിന്റെ രണ്ടു വശങ്ങളിലൂടെയുള്ള റീപ്ലേകളില്‍ ധോനിയുടെ ബാറ്റ് ക്രീസില്‍ കടന്നതായി സംശയമുണ്ട്.
ധോണി ഔട്ടായതോടെ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ട ചെന്നൈയെ വാട്‌സണ്‍ തന്റെ ഒറ്റയാള്‍ പ്രകടനത്തിലൂടെ വിജയത്തിനടുത്തെത്തിച്ചിരുന്നു. എന്നാൽ അവസാന ഓവറിൽ വാട്‌സൻ റണ്ണൗട്ട് ആയി. എളുപ്പത്തില്‍ രണ്ടു റണ്‍സ് ഓടിയെടുക്കാമെന്ന ഘട്ടത്തിൽ വാട്‌സണ്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു.
Post Your Comments