തൃശൂര്‍ : തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങിയിട്ടും വിവാദങ്ങള്‍ വീണ്ടും തലപൊക്കുകയാണ്. പൂരത്തിന്റെ ഇലഞ്ഞിത്തറ മേളവും പഞ്ചവാദ്യവും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനാവുന്നില്ലെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. കേരളത്തിന്റെ തനതു വാദ്യരൂപങ്ങളുടെ പേരില്‍ മറ്റുള്ളവര്‍ പകര്‍പ്പവകാശം സ്വന്തമാക്കുന്നതിനെതിരെ നടപടി വേണമെന്നാണ് ആസ്വാദകര്‍ ആവശ്യപ്പെടുന്നത്. റസൂല്‍ പൂക്കുട്ടി നായകനായ ദ് സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിനു വേണ്ടി ഇലഞ്ഞിത്തറമേളവും പഞ്ചവാദ്യവും പഞ്ചാരിമേളവും മറ്റും നേരത്തെ റെക്കോര്‍ഡ് ചെയ്തിരുന്നു.
ഈ ചിത്രത്തിന്റെ ഗാനങ്ങളുടെയെല്ലാം പകര്‍പ്പവകാശം നിര്‍മാതാക്കള്‍ സോണി ഗ്രൂപ്പിനു വിറ്റപ്പോള്‍ ഈ മേളങ്ങളുടെ പകര്‍പ്പവകാശവും അവര്‍ക്കു ലഭിച്ചിരിക്കുകയാണ് എന്നാണ് ആരോപണം ഉയരുന്നത്. ആസ്വാദകര്‍ ഈ മേളങ്ങള്‍ ഇപ്പോള്‍ ഫെയ്‌സ് ബുക്കിലോ യു ട്യൂബിലോ അപ്ലോഡ് ചെയ്യുമ്പോള്‍ സോണി ഗ്രൂപ്പിനു പകര്‍പ്പവകാശമുള്ളതിനാല്‍ അപ്ലോഡ് ചെയ്യാനാവില്ല എന്ന സന്ദേശമാണു ലഭിക്കുന്നത് എന്നാണ് ആരോപണമുയരുന്നത്.
സിനിമ സംഗീതത്തിനു പകര്‍പ്പവകാശം നേടിക്കഴിഞ്ഞാല്‍ ആ സംഗീതമോ അതിനോടു സാമ്യമുള്ള സംഗീതമോ മറ്റാരെങ്കിലും അപ്ലോഡ് ചെയ്യുന്നതിനു സാധാരണ ഗതിയില്‍ തടസ്സം നേരിടാറുണ്ട്. എന്നാല്‍ പൂരത്തിന് അവതരിപ്പിക്കുന്ന വാദ്യരൂപങ്ങള്‍ക്ക് ഇത് ബാധകമാകുന്നതെന്തുകൊണ്ട് എന്നാണ് ആളുകള്‍ ചോദ്യം ഉയര്‍ത്തുന്നത്. റെക്കോര്‍ഡ് ചെയ്ത മേളത്തിലെ കൊട്ടിനോടു സാമ്യമുള്ള ഭാഗങ്ങള്‍ എവിടെയെങ്കിലും വരുന്നുവെങ്കില്‍ ആ വിഡിയോയും ഓഡിയോയും പുറന്തള്ളുമെന്നതിനാല്‍ മറ്റിടങ്ങളില്‍ നടക്കുന്ന പാണ്ടിമേളവും പഞ്ചാരി മേളവും ഒന്നും തന്നെ ഇനി സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യാനാവാതെ വരും. ഇലഞ്ഞിത്തറ മേളത്തിനു പകര്‍പ്പവകാശം കൊടുക്കുന്നതു നിയമപ്രകാരമാണെങ്കില്‍ ആ നിയമം തന്നെ മാറ്റേണ്ടതുണ്ടെന്ന് മേളത്തിന്റെ പ്രമാണിയായ പെരുവനം കുട്ടന്‍ മാരാര്‍ പറഞ്ഞു.
എന്നാല്‍ വിവാദം എങ്ങനെയുണ്ടായി എന്നു മനസ്സിലാകുന്നില്ലെന്നും യു ട്യൂബില്‍ തൃശൂര്‍ പൂരത്തിന്റെ എത്രയോ വിഡിയോകള്‍ ഉണ്ട് എന്നും ചില ചാനലുകള്‍ ലൈവ് സ്ട്രീമിങ്ങും നടത്തിയിട്ടുണ്ട്. ‘ദ് സൗണ്ട് സ്റ്റോറി’ എന്ന സിനിമയിലെ റെക്കോര്‍ഡിങ് അതേ രീതിയില്‍ ഉപയോഗിക്കരുത് എന്ന് മാത്രമേ സോണി പറഞ്ഞിട്ടുള്ളൂ. അതിന് തൃശൂര്‍ പൂരവുമായി ഒരു ബന്ധവുമില്ല. പൂരം കേരളത്തിന്റെ സ്വന്തമാണ് എന്നുമായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം.
Post Your Comments