Latest NewsKerala

നെയ്യാറ്റിന്‍കര ആത്മഹത്യ; ബാങ്ക് നടപടി അതിരു കടന്നില്ല, മാനേജരുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം : വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സംഭവമായിരുന്നു നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തത്‌. ജപ്തി നടപടിക്കൊരുങ്ങിയ ബാങ്കിന്റെ അതിരുകടന്ന ക്രൂരതയാണ് ആ ആത്മഹത്യകള്‍ക്ക് പിന്നില്‍ എന്ന് പറഞ്ഞ് കാനറാ ബാങ്കുകള്‍ക്ക് നേരെ വന്‍ അക്രമമാണ് അഴിച്ചുവിട്ടത്. എന്നാല്‍ ബാങ്കിന്റെ ഭാഗത്തുനിന്നും അത്തരമൊരു ക്രൂര നടപടിയും ഉണ്ടായിട്ടില്ല എന്നാണ് കേരളത്തില്‍ ബാങ്കിന്റെ ചുമതലയുള്ള ജനറല്‍ മാനേജര്‍ ജി.കെ.മായ വെളിപ്പെടുത്തുന്നത്.

നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കു മുന്നോടിയായി അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം നിര്‍ഭാഗ്യകരമാണെങ്കിലും കാനറ ബാങ്ക് കാരുണ്യപൂര്‍വം മാത്രമേ ആ കുടുംബത്തോട് ഇടപെട്ടിട്ടുള്ളുവെന്നുമാണ് ബാങ്കിന്റെ ജി.കെ.മായ വ്യക്തമാക്കുന്നത്. അതു കൊണ്ടാണ് ആത്മഹത്യാക്കുറിപ്പില്‍ ലേഖ ബാങ്കിനെതിരെ ഒരു വരി പോലും എഴുതാതിരുന്നത് എന്നും അവര്‍ പറഞ്ഞു.

2005ല്‍ എടുത്ത ഭവനവായ്പ 2010 മുതല്‍ കുടിശികയായ ശേഷം ഇത്രയും വര്‍ഷം ജപ്തി നടപടികളിലേക്കു നീങ്ങാതെ ബാങ്ക് മുന്നോട്ടു പോയി. നിഷ്‌ക്രിയ ആസ്തിയായ വായ്പയില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബാങ്കിലെ ഉദ്യോഗസ്ഥനെതിരെ നടപടിക്കു സാധ്യതയുണ്ട്; പ്രത്യേകിച്ച് ഭവന വായ്പകളുടെ കാര്യത്തില്‍. വില്‍ക്കാവുന്ന വീടും സ്ഥലവും ആസ്തിയായി ഉണ്ട് എന്നുള്ളതിനാലാണിത്. മുന്‍പ് പല വട്ടം ബാങ്ക് അധികൃതര്‍ നോട്ടിസ് കൊടുക്കുകയും സമയം നീട്ടി നല്‍കുകയും ചെയ്തപ്പോള്‍ ‘ചെയ്ത സഹായത്തിനു നന്ദി’ എന്നാണു ലേഖ ഉദ്യോഗസ്ഥരോടു പറഞ്ഞത്.

കഴിഞ്ഞ വര്‍ഷമാണു സര്‍ഫാസി നിയമപ്രകാരം കോടതിയെ സമീപിക്കുന്നത്. ഈ നിയമപ്രകാരം, കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷണര്‍ കഴിഞ്ഞ 10ന് വീട്ടില്‍ ചെന്നപ്പോള്‍ വീടു വില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും 14ന് അഡ്വാന്‍സ് തുക ലഭിക്കുമെന്നും വായ്പയെടുത്ത ചന്ദ്രന്‍ രേഖാമൂലം അറിയിച്ചു. ഇതനുസരിച്ചാണു തുക തിരികെ അടയ്ക്കാന്‍ കമ്മിഷണര്‍ 4 ദിവസം സാവകാശം നല്‍കിയത്. സാക്ഷിയായിട്ടോ പിന്തുടര്‍ച്ചാ അവകാശിയായോ ആകാം ചന്ദ്രന്റെ അപേക്ഷയില്‍ 19 വയസ്സുള്ള മകള്‍ ഒപ്പിട്ടത് . അതു കോടതി നടപടികളുടെ ഭാഗമാണ്. ഇതില്‍ ബാങ്കിന് ഉത്തരവാദിത്തമില്ല എന്നും ജനറല്‍ മാനേജര്‍ പറഞ്ഞു.

ബാങ്കിന്റെ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ വീഴ്ച വന്നിട്ടില്ല. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണ്‍വീനര്‍ സ്ഥാനം കൂടി വഹിക്കുന്ന കാനറ ബാങ്കിനു കേരളത്തെ ജനങ്ങളോടു പ്രതിബദ്ധതയുണ്ടെന്നും 2 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ എല്ലാം ബാങ്കിന്റെ തെറ്റാണെന്ന് കുറ്റപ്പെടുത്തിയതില്‍ വിഷമമുണ്ട് എന്നും ജനറല്‍ മാനേജര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button